കരുതലിന്റെ കാവലാളായി ‘ഷെല്‍ട്ടര്‍ ഹോം’ ആശ്വാസമേകിയത് 21 സ്ത്രീകള്‍ക്കും ആറ് കുട്ടികള്‍ക്കും

തിരൂര്‍: ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെല്‍ട്ടര്‍ ഹോം. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെല്‍ട്ടര്‍ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത് ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തനമാരംഭിക്കുന്നത്.

കൊവിഡ് പ്രതിസന്ധി കാലത്ത് ഷെല്‍ട്ടര്‍ ഹോമിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 2022 ഡിസംബര്‍ പത്തിന് ജില്ലയുടെ ഷെല്‍ട്ടര്‍ ഹോം തിരൂരില്‍ പുനരാരംഭിച്ചു. 12 ഗാര്‍ഹിക പീഡന പരാതികളും ഏഴ് കുടുംബ പ്രശ്‌നപരാതികളും ഒമ്പത് അഭയം ആവശ്യപ്പെട്ടുള്ള പരാതികളും 11 കൗണ്‍സലിങ് കേസുകളുമാണ് ഇതുവരെ ഷെല്‍ട്ടര്‍ ഹോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 18ഓളം പരാതികള്‍ തീര്‍പ്പാക്കുകയും ഒരു പരാതി ലീഗല്‍ കൗണ്‍സിലര്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്തു. അല്ലാത്തവ കൗണ്‍സലിങ്, മീഡിയേഷന്‍ തുടങ്ങിയ നടപടി ക്രമങ്ങളിലാണ്. ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം തികയാന്‍ പോകുന്ന ഈ അവസരത്തില്‍ മൊത്തം 21 സ്ത്രീകള്‍ക്കും ആറ് കുട്ടികള്‍ക്കുമാണ് ഹോമില്‍ അഭയം നല്‍കിയത്. നിലവില്‍ 11 അന്തേവാസികളാണ് ഷെല്‍ട്ടര്‍ ഹോമിലുള്ളത്.

അമ്മയോടൊപ്പം എത്തുന്ന കുട്ടികള്‍ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതിയോടു കൂടിയാണ് അഭയം നല്‍കുന്നുണ്ട്. ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിക്കുന്നത്. അമ്മമാരോടൊപ്പം 12 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കാം. ഒരേ സമയം 30 പേര്‍ക്കുവരെ അഭയം നല്‍കുവാനുള്ള സൗകര്യം ഷെല്‍ട്ടര്‍ ഹോമില്‍ ലഭ്യമാണ്. അഭയം ആവശ്യപ്പെട്ട് ഷെല്‍ട്ടര്‍ ഹോമില്‍ എത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെയാണ് അഭയം നല്‍കുന്നത്.

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005ന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തലത്തില്‍ സന്നദ്ധ സംഘടനകള്‍ വഴി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഷെല്‍ട്ടര്‍ ഹോം. പദ്ധതിയിലുടെ സൗജന്യ ഭക്ഷണം, വസ്ത്രം, വൈദ്യ സഹായം, വൊക്കേഷണല്‍ ട്രെയിനിങ്, കൗണ്‍സിലിങ്, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം, കുടുംബത്തിലേക്ക് കൂട്ടിയോജിപ്പിക്കുവാനുള്ള നടപടികള്‍, സര്‍വീസ് പ്രൊവൈഡിങ് സെന്റര്‍ വഴിയും വനിതാ സംരക്ഷണ ഓഫീസര്‍ വഴിയുമുള്ള നിയമ സഹായങ്ങള്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും ലഭിക്കും. ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, പോലീസ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ കീഴില്‍ വരുന്ന ഗുണഭോക്താക്കളെ ഹോമിലേക്ക് റഫര്‍ ചെയ്യാവുന്നതാണ്. കൂടാതെ ഗാര്‍ഹിക പീഡനത്തിനിരയായി സ്വമേധയാല്‍ ഷെല്‍ട്ടര്‍ ഹോമിലെത്തുന്നവര്‍ക്കും ഹോമില്‍ പ്രവേശനം നല്‍കുന്നതാണ്. ഹോമിന്റെ പ്രവര്‍ത്തനത്തിനായി ഹോം മാനേജര്‍, കൗണ്‍സിലര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പ്യൂണ്‍, വാച്ച് വുമണ്‍, കുക്ക് എന്നീ വനിതാ ജീവനക്കാരുടെ സേവനവും ലഭ്യമാണ്. ഷെര്‍ട്ടര്‍ ഹോം ഫോണ്‍:8606791532

 

Share news
error: Content is protected !!
Scroll to Top