HIGHLIGHTS : The High Court has dismissed a petition challenging the cover page of Arundhati Roy's book 'Mother Mary Comes to Me'.
അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ എന്ന പുസ്‌കത്തിന്റെ കവര്‍പേജ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പുസ്തകത്തില്‍ പുകവലിക്കെതിരയായ മുന്നറിയിപ്പുണ്ടെന്നും പൊതുതാല്‍പര്യ ഹര്‍ജി ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
‘മദര്‍ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രത്തിലെ പുകവലി ചിത്രം നിയമ വിരുദ്ധമാണ് എന്നായിരുന്നു ഹര്‍ജിയിലെ വാദം. നിയമപരമായ മുന്നറിയിപ്പില്ലാത്ത കവര്‍പേജിലെ ചിത്രം യുവജനതയെ വഴിതെറ്റിക്കുമെന്നും, പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നുമായിരുന്നു അഭിഭാഷകനായ രാജസിംഹന്റെ ഹര്‍ജിയിലെ ആവശ്യം.
പുസ്തകത്തില്‍ നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഇതുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേദിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. 2003ലെ കോട്പ നിയമവും ചട്ടങ്ങളും അനുസരിച്ച് നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഹര്‍ജിക്ക് പിന്നില്‍ പൊതുതാല്‍പ്പര്യത്തിനാണോ അതോ പരസ്യതാല്‍പ്പര്യമാണോ എന്നുള്ള സംശയവും കോടതി പ്രകടിപ്പിച്ചു.


