ലെഫ്റ്റനന്റ് കേണലിന് സൈന്യത്തിന്റെ സല്യൂട്ട്; മോഹന്‍ലാലിന് കരസേനയുടെ ആദരം

ടെറിട്ടോറിയല്‍ ആര്‍മിയില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും, രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതിന്റെയും പശ്ചാത്തലത്തില്‍ നടന്‍ മോഹന്‍ലാലിന് കരസേനയുടെ പ്രത്യേക ആദരം. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹത്തില്‍ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.

‘ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്,” കരസേനയുടെ ആദരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന് നല്‍കിയ സംഭാവനകളും സൈന്യവുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധവുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത്.

2009-ലാണ് മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താന്‍ പൊതുജനങ്ങള്‍ക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു.

കൂടിക്കാഴ്ചയില്‍ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. സൈന്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്നും, ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുമെന്നും മോഹന്‍ലാല്‍ കരസേനാ മേധാവിക്ക് ഉറപ്പ് നല്‍കി. ”പുതുതലമുറയെ സൈന്യത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതുള്‍പ്പെടെ നിരവധി പദ്ധതികള്‍ മുന്നിലുണ്ട്,” അദ്ദേഹം അറിയിച്ചു.

കരസേനാ മേധാവിയില്‍ നിന്ന് ലഭിച്ച ഈ അഭിനന്ദനം രാജ്യസേവനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ തനിക്ക് കൂടുതല്‍ പ്രചോദനമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top