എആര്‍എം, വേട്ടയ്യന്‍ വ്യാജ പതിപ്പ്: പ്രതികള്‍ പിടിയില്‍, വെബ്‌സൈറ്റ് പൂട്ടിച്ചു

കൊച്ചി: ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ ബംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ പ്രവീണ്‍, കുമരേശന്‍ എന്നിവരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. വണ്‍തമില്‍എംവി എന്ന വെബ്‌സൈറ്റിലൂടെയാണ് വ്യാജപതിപ്പുകള്‍ പുറത്തിറക്കിയത്. മൂന്നു പേരാണ് സൈറ്റിന്റെ പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.കേസില്‍ സത്യമംഗലം സ്വദേശിയായ ഒരാളെ കൂടി പിടികൂടാനുണ്ട്.

അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്‌സൈറ്റ് സൈബര്‍സെല്‍ പൂട്ടിച്ചു. പുതിയ സിനിമ റിലീസായി മണിക്കൂറുകള്‍ക്കകം സംഘം വ്യാജപതിപ്പ് പുറത്തിറക്കുകയായിരുന്നു. കോയമ്പത്തൂരിലെ തിയറ്ററില്‍ നിന്നാണ് ചിത്രം മൊബൈലില്‍ പകര്‍ത്തിയതെന്നാണു പ്രാഥമിക വിവരം.

വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരുടെ കൈയ്യില്‍ ഇന്നലെ പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഒരു ട്രെയിന്‍ യാത്രികന്‍ മൊബൈലില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങള്‍ ജിതിന്‍ ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ് ജിതിന്‍ ദൃശ്യം പങ്കുവച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top