ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേട്ടവുമായി അര്‍ജുന്‍ നന്ദകുമാര്‍

HIGHLIGHTS : Arjun Nandakumar hits century in Blue Tigers KFPPL tournament

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേട്ടവുമായി  കൊച്ചിന്‍ സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ നന്ദകുമാര്‍. ബ്ലൂടൈഗേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി രാജഗിരി കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ലീഗില്‍ സുവി സ്‌ട്രൈക്കേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് അര്‍ജുന്‍ സെഞ്ച്വറി കരസ്ഥമാക്കിയത്. 47 പന്തില്‍ നിന്നാണ്  സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ പുറത്താകാതെ നൂറ് തികച്ചത്.  14 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് അര്‍ജുന്റെ ഇന്നിങ്‌സ്. രാവിലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സുവി സ്‌ട്രൈക്കേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 43 റണ്‍സെടുത്ത രാഹൂല്‍ വി.ആര്‍ ആണ് സുവി സ്‌ട്രൈക്കേഴ്‌സിന്റെ ടോപ് സ്‌കോറര്‍. സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഇന്ദ്രജിത്ത് രമേശ് മൂന്ന് വിക്കറ്റും നിതിന്‍ ഹരി രണ്ട് വിക്കറ്റും വീഴ്ത്തി.

ഉച്ചയ്ക്ക് ശേഷം നടന്ന മറ്റൊരു മത്സരത്തില്‍ ഇസി.സി ഐഡിയാസും ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സും തമ്മില്‍ കൊമ്പുകോര്‍ത്തു. മത്സരത്തില്‍  ഇസിസി 22 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇസിസി നിശ്ചിത ഓവറില്‍  ഉയര്‍ത്തിയ 114 റണ്‍സ് മറികടക്കാന്‍ ബാറ്റ് ചെയ്ത ക്ലബ് ടീമിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. 44 റണ്‍സെടുത്ത  സജേഷ് സുന്ദറാണ് ഇസിസിയുടെ ടോപ് സ്‌കോറര്‍. ഇസിസിക്കുവേണ്ടി പ്രഭിരാജ് നാലു വിക്കറ്റും  അരുണ്‍ ബെന്നി, ഫിറോസ്, അഖില്‍ മാരാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഓരോ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും ഇത്തരം ലീഗിലൂടെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ കേരളത്തിന് സാധിക്കുമെന്നും ബ്ലൂടൈഗേഴ്‌സ് ഉടമയും പ്രമുഖ സംരംഭകനുമായ സുഭാഷ് മാനുവല്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!