Section

malabari-logo-mobile

കരുത്തനായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി

HIGHLIGHTS : Chile beat strong Argentina

റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ കരുത്തനായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി പിരിഞ്ഞു. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ അര്‍ജന്റീനക്കായി ലയണല്‍ മെസ്സി മനോഹരമായ ഫ്രീകിക്ക് ഗോള്‍ നേടി. കളിയില്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ച താരം ഒരുക്കിക്കൊടുത്ത അവസരങ്ങള്‍ മുതലാക്കുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെട്ടതാണ് അര്‍ജന്റീനയുടെ സമനിലക്ക് കാരണമായത്. എഡ്വേര്‍ഡോ വര്‍ഗാസാണ് കളിയില്‍ ചിലെക്കായി സമനില ഗോള്‍ നേടിയത്.

ചിലെയുടെ മുന്നേറ്റം കണ്ട് തുടക്കമിട്ട മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി കളിച്ച അവര്‍ ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫ്രീകിക്ക് നേടിയെടുത്തു. സെറ്റ്പീസില്‍ നിന്ന് പക്ഷേ അവര്‍ക്ക് കാര്യമായി ഒന്നും നേടാന്‍ കഴിഞ്ഞില്ല. അര്‍ജന്റൈന്‍ പ്രതിരോധ താരം ഒട്ടാമെന്‍ഡി അധികം അപകടം കൂടാതെ പന്തിനെ ക്ലിയര്‍ ചെയ്തു. ചിലെയുടെ ആദ്യ മിനിറ്റുകളിലെ ആധിപത്യം മറികടന്ന് അര്‍ജന്റീന പതിയെ അവരുടെ താളത്തിലേക്ക് വന്നു. പതിയെ ഗോളിലേക്ക് അവസരങ്ങള്‍ തുറന്നെടുത്ത അവര്‍ ചിലെ പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്നു. അര്‍ജന്റീന മുന്നേറാന്‍ തുടങ്ങിയതോടെ കൗണ്ടര്‍ അറ്റാക്കിംഗ് അവസരങ്ങള്‍ക്കായി ചിലെ കാത്തിരുന്നു. ഇടക്ക് കിട്ടിയ ഒരു അവസരത്തില്‍ അവര്‍ മുന്നേറിയെങ്കിലും മികച്ച രീതിയില്‍ പ്രതിരോധ നിര കാത്ത് ഒട്ടാമെന്‍ഡി അവര്‍ക്ക് മുന്നില്‍ നിന്നു.

sameeksha-malabarinews

മറുവശത്ത്, അര്‍ജന്റീനക്കായി ലോ ചെല്‍സോ, ഗോണ്‍സാലസ്, മെസ്സി, ലുവാതാരോ മാര്‍ട്ടിനസ് എന്നിവര്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം ചിലെയുടെ ഗോളി ക്ലോഡിയോ ബ്രാവോയുടെ മികവിന്റെ മുന്നില്‍ നിഷ്പ്രഭമായി. ഇരു ടീമുകളും കളിയില്‍ ഒപ്പത്തിനൊപ്പം നിന്ന സമയത്താണ് കളിയില്‍ വഴിത്തിരിവായി അര്‍ജന്റീന ഗോള്‍ നേടിയത്. 33ആം മിനിറ്റില്‍ അര്‍ജന്റീന താരമായ ലോ ചെല്‍സോയെ ബോക്‌സിനു മുന്നില്‍ വെച്ച് വീഴ്ത്തിയതിന് റഫറി അര്‍ജന്റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. ഫ്രീകിക്ക് എടുത്ത ലയണല്‍ മെസ്സി പന്തിനെ ചിലെ പ്രതിരോധ മതിലിനു മുകളിലൂടെ തൊടുത്തു വിട്ട പന്ത് ചിലെ ഗോളി ബ്രാവോക്ക് അവസരം നല്‍കാതെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് പറന്നിറങ്ങി. അര്‍ജന്റീനക്ക് വേണ്ടി 145ആം മത്സരത്തില്‍ കളിക്കാനിറങ്ങിയ താരത്തിന്റെ ദേശീയ ജേഴ്സിയിലെ 73ആം ഗോള്‍. ഗോള്‍ വീണത് അര്‍ജന്റീനയുടെ ആവേശം ഉയര്‍ത്തി ലീഡ് നേടാനായി അവര്‍ ആക്രമിച്ചു കളിച്ചു. ഇതിന്റെ ഭാഗമായി ലഭിച്ച ഒരു അവസരം പക്ഷേ അവര്‍ക്ക് മുതലെടുക്കാന്‍ കഴിഞ്ഞില്ല. ആരാലും മാര്‍ക് ചെയ്യപ്പെടാതെ ഇരുന്ന ലുവതാരോ മാര്‍ട്ടിനസിന് കിട്ടിയ അവസരം പക്ഷേ താരം പുറത്തേക്ക് അടിച്ച് കളഞ്ഞു.

ഒരു ഗോളിന്റെ മുന്‍തൂക്കവുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ അര്‍ജന്റീനക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ചിലെ മുന്നേറ്റ നിര അവസരങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്നു. ഇതില്‍ സമ്മര്‍ദ്ദത്തില്‍ ആയ അര്‍ജന്റീന ഫൗളുകള്‍ വഴങ്ങാന്‍ തുടങ്ങി. അതിനു അവര്‍ക്ക് വില നല്‍കേണ്ടി വന്നത് ഒരു സമനില ഗോള്‍ ആയിരുന്നു. 53ആം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സില്‍ വര്‍ഗാസ് നടത്തിയ മുന്നേറ്റത്തില്‍ ടഗ്ലാഫികോയുടെ പിഴവില്‍ നിന്നാണ് അവര്‍ക്ക് സമനില ഗോള്‍ വഴങ്ങേണ്ടി വന്നത്. പെനാള്‍ട്ടിക്കായി ചിലെ താരങ്ങള്‍ നടത്തിയ അപ്പീലിനെ തുടര്‍ന്ന് വാര്‍ പരിശോധന നടത്തിയതിന് ശേഷമാണ് ചിലെക്ക് അനുകൂലമായി പെനാള്‍ട്ടി വിധിച്ചത്. വിദാലിന്റെ ഷോട്ട് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ നിന്നും ലഭിച്ച ഷോട്ടില്‍ ചിലെ താരം വര്‍ഗാസ് തന്റെ ടീമിന്റെ സമനില ഗോള്‍ നേടി.

വിജയ ഗോള്‍ നേടാനായി പൊരുതിയ ഇരു ടീമുകളും അവരുടെ ടീമില്‍ മാറ്റം വരുത്തി പുതിയ താരങ്ങളെ കളത്തിലിറക്കി. പക്ഷേ കാര്യമായ മുന്നേറ്റങ്ങള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടായില്ല. ശേഷം കളി തീരാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കെ ലയണല്‍ മെസ്സി ബോക്‌സിലേക്ക് ഒരു നല്ല അവസരം നല്‍കിയെങ്കിലും പന്തിലേക്ക് തല വച്ച ഗോണ്‍സാലസിന്റെ ഹെഡര്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെയാണ് പോയത്.

അധികസമത്തിലേക്ക് നീണ്ട കളിയുടെ മൂന്നാം മിനിറ്റില്‍ വീണ്ടും മെസ്സി ഒരു അവസരം ഒരുക്കി നല്‍കിയെങ്കിലും ചിലെ താരം റോക്കോയുടെ സമയോചിത ഇടപെടല്‍ അര്‍ജന്റീനയെ ഗോള്‍ നേടുന്നതില്‍ നിന്നും വിലക്കി. പിന്നീട് കളിയുടെ അവസാന മിനിറ്റില്‍ ഒരു മുന്നേറ്റം നടത്തി അര്‍ജന്റീന കോര്‍ണര്‍ നേടിയെടുത്തെങ്കിലും അത് ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!