മലപ്പുറം : അരീക്കോട് പോലീസിന്റെ ജീപ്പ് അപകടത്തില്‍ പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ അരീക്കോട് എടവണ്ണ റൂട്ടിലെ പാലപ്പറ്റ ഭാഗത്താണ് അപകടമുണ്ടായത്.
അരീക്കോട് പോലീസിന്റെ കറുത്ത ഗൂര്‍ഖ ജീപ്പ് പാലപ്പറ്റ വളവില്‍ തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് വാഹനത്തില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിസാര പരിക്കുകളോടെ അദ്ധേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് ഇന്‍സ്‌പെക്ടറെ എടവണ്ണയില്‍ ഇറക്കി തിരിച്ച് വരുന്നതിനിടെയാണ് അപകടം. ശക്തമായ മഴയില്‍ വാഹനം തെന്നി നീങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് വിശദീകരിച്ചു.



