ജില്ലയില്‍ 8, സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; ആര്‍ദ്രകേരളം പുരസ്‌കാര വിതരണവും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും

മലപ്പുറം: നവകേരള കര്‍മ പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച പകല്‍ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. അതത് കേന്ദ്രങ്ങളില്‍ എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

മമ്പാട്, നെടിയിരിപ്പ്, തുവ്വൂര്‍, ഈഴവതിരുത്തി, പൂക്കോട്ടൂര്‍, ഒതുക്കുങ്ങല്‍, വെളിയങ്കോട്, ഊരകം എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം.

കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ ആശുപത്രി കൂടുതല്‍ രോഗീസൗഹൃദമാകും. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് ആറുവരെ ഒപി ഉള്‍പ്പെടെയുള്ള സേവനം ലഭ്യമാകും. ഗ്രാമീണ മേഖലയില്‍ കുടുംബ ഡോക്ടറെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാനും കുടുംബാരോഗ്യ കേന്ദ്രം ലക്ഷ്യമിടുന്നു. കൂടുതല്‍ പൊതുജന പങ്കാളിത്തത്തോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജീവിതശൈലീരോഗ നിയന്ത്രണ പരിപാടികളും നടപ്പാക്കാനും കുടുംബാരോഗ്യ കേന്ദ്രം സഹായകരമാകും.

സംസ്ഥാനത്ത് 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു.   11.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂര്‍ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂര്‍ 1, കാസര്‍കോട് 8 എന്നീ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇതോടെ ആകെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമായതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒപി രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിങ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിങ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ രോഗികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ടെലിവിഷന്‍, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കും. എല്ലാ കേന്ദ്രങ്ങളിലും പ്രീ-ചെക്കപ്പ്, പോസ്റ്റ് ചെക്കപ്പ്, കൗണ്‍സിലിങ് സംവിധാനം, ശ്വാസകോശ രോഗനിര്‍ണയത്തിനു വേണ്ടി ശ്വാസ് ക്ലിനിക്ക്, വിഷാദ രോഗ നിര്‍ണയത്തിനുവേണ്ടി ആശ്വാസം ക്ലിനിക്ക്, മറ്റ് മാനസിക രോഗങ്ങളുടെ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി സമ്പൂര്‍ണ മാനസികാരോഗ്യം, കിടപ്പ് രോഗികള്‍ക്കുവേണ്ടി സാന്ത്വന പരിചരണം, ടെലിമെഡിസിന്‍ സംവിധാനം എന്നിവ ഉറപ്പാക്കും.

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഏപ്രില്‍ 17ന് രാവിലെ 11.30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുക്കും. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആര്‍ദ്രകേരളം പുരസ്‌കാരം സമ്മാനിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top