കൊവിഡ് സഹായധനം നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടും.
കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ കൊണ്ട് അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം തട്ടിപ്പ് നടത്താന്‍ സമൂഹത്തിന്റെ നീതിബോധം ഇത്രത്തോളം അധഃപതിച്ചോയെന്നും കോടതി ആരാഞ്ഞു. ഇത്തരം തട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കൂടി പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ അത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയില്‍ കൊവിഡ് കാരണം മരിച്ചവരുടെ ആകെ എണ്ണം സര്‍ക്കാര്‍ കണക്കിലുള്ളതിന്റെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സുപ്രീംകോടതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കിലും ഈ വ്യത്യാസം പ്രകടമാണ്.
കൊവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇതാണ് സംഖ്യ കൂടാനുള്ള കാരണം എന്ന് സംസ്ഥാനങ്ങള്‍ പറയുന്നു. അപ്പോഴും ഈ വ്യത്യാസം എങ്ങനെ എന്നാണ് ചോദ്യം. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ സുപ്രീം കോടതി ഉത്തരവിന് ശേഷം മരണസംഖ്യ പുതുക്കിയിരുന്നു.
ഇന്ത്യയിലെ മരണസംഖ്യ വിദേശ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നു എന്ന് സര്‍ക്കാര്‍ തന്നെ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ എങ്കിലും ഇത് മൂടിവയ്ക്കാന്‍ നീക്കമുണ്ടായി എന്നു തന്നെയാണ് പുറത്തു വന്ന രേഖകള്‍ തെളിയിക്കുന്നത്. നഷ്ടപരിഹാരത്തുക തട്ടിയതിനെ കുറിച്ച് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികളെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് കേരളത്തിനും ആന്ധ്രയ്ക്കും വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ആവശ്യപ്പെട്ടു.



