കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റാഗിംഗ്; വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ സീനിയര്‍ പിജി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. റാഗിംഗ് ആക്റ്റിലെ സെക്ഷന്‍ 4 അനുസരിച്ചാണ് കേസെടുത്തത്. എല്ലുരോഗ വിഭാഗം പി ജി വിദ്യാര്‍ത്ഥികള്‍ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. രണ്ട് പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.

ഫെബ്രുവരി നാലാം തിയതി മുതല്‍ റാഗിങ്ങിന് വിധേയനായ കൊല്ലം സ്വദേശി ജിതിന്‍ ജോയ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജിതിന്റെ പരാതിയെ തുടര്‍ന്ന് രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ പി ജി വിഭാഗത്തില്‍ പ്രവേശനം നേടിയത് മുതല്‍ തനിക്ക് ഇതേ വിഭാഗത്തില്‍ തന്നെയുളള സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിടേണ്ടി വന്നതായി കൊല്ലം സ്വദേശിയായ ജിതിന്‍ ജോയി പറയുന്നു. പീഡനം സഹിക്കവയ്യാതായതോടെയാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

നിരവധി തവണ വകുപ്പ് തലവനോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായതുമില്ല. ഒടുവില്‍ പഠനം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് പ്രിന്‍സിപ്പലിന് പരാതി കൊടുത്തത്. ജിതിന്റെ പരാതിയില്‍ ആന്റി റാഗിംഗ് സമിതി അന്വേഷണം നടത്തുകയും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെ സസ്‌പെന്റ് ചെയ്തതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top