നമ്പര്‍ 18 പോക്‌സോ കേസ്: രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി

ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി. കൊച്ചി മെട്രോ സിഐ മുമ്പാകെയാണ് കീഴടങ്ങിയത്. അതേസമയം കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസയച്ചു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. അഞ്ജലിയോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഒളിവിലായതിനാല്‍ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ല. ബന്ധുക്കള്‍ മുഖേനയാണ് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ ഹോട്ടല്‍ ഉടമ റോയി വയലാട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നിരസിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും പൊലീസിന് മുന്‍പില്‍ അഞ്ജലി ഹാജരായിട്ടില്ല. ഈ സാഹചര്യത്തിലാണ് റോയ് കീഴടങ്ങിയതിന് പിന്നാലെ അഞ്ജലിക്ക് നോട്ടിസ് നല്‍കിയത്. അതേസമയം പോക്സോ കേസില്‍ അറസ്റ്റിലായ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മട്ടാഞ്ചേരി എ സി പി ഓഫീസില്‍ കീഴടങ്ങിയ റോയിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്‍കിയ പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്‍, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയത്. കൊച്ചിയിലെ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം.

Share news
error: Content is protected !!
Scroll to Top