പാലക്കാട്: പാലക്കാട് തരൂരിലെ യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാറിന്റെ കൊലപാതക കേസില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഡിവൈഎഫ്‌ഐ പഴമ്പാലക്കോട് മേഖലാ കമ്മിറ്റിയംഗമാണ് മിഥുന്‍. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.
മിഥുന്റെ സഹോദരന്‍ അടക്കം ആറ് പേര്‍ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 7 ആയി. മാര്‍ച്ച് രണ്ടിന് പഴമ്പാലക്കോട് വടക്കേപാവടി മാരിയമ്മന്‍ ക്ഷേത്രാത്സവത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവമോര്‍ച്ച നേതാവ് അരുണ്‍ കുമാറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ 11 നാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അരുണ്‍ കുമാറിന്റെ മരണത്തിനിടയാക്കിയത് മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
കൃഷ്ണദാസ്, ജയേഷ്, സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരാണ് കേസിലെ മറ്റു ആറു പ്രതികള്‍. നെഞ്ചിന് കുത്തേറ്റ അരുണ്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.




