ചുട്ടുപൊള്ളി കേരളം; ഉഷ്ണതരംഗത്തിനും സൂര്യതാപത്തിനും സാധ്യത; കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ ആറ് ജില്ലക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം
സംസ്ഥാനത്ത് താപനില ഉയരുന്നു. ഉയര്‍ന്നതാപനില സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ആറ് ജില്ലകളില്‍ 11 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം. രാവിലെ 11 മുതല്‍ മൂന്നു മണി വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനം കടന്ന് പോകുന്നത് ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെയാണെന്നാണ് വിവരം.




