തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്ന് സഹോദരന്‍ സുഭാഷ്. സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച് കൊന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം നടത്തുമെന്നും സുഭാഷ് പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അവശനായിരുന്നു. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും സുഭാഷ് ആരോപിച്ചു.
ശരീരത്തിലെ ചതവുകള്‍ ഹൃദ്രോഗം വര്‍ധിപ്പിച്ചിരിക്കാമെന്ന് ഡോക്ടര്‍മാര്‍. മരണകാരണം ഹൃദയാഘാതമെങ്കിലും സുരേഷിന്റെ ശരീരത്തിലുണ്ടായ ചതവുകളില്‍ അന്വേഷണം വേണമെന്നും ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു.
ഫെബ്രുവരി 28 നായിരുന്നു സംഭവം. തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. . പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിന്റെ കുടുംബവും ആരോപിച്ചതോടെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.




