‘കാപ്പ’യുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി

താന്‍ നായികയാവുന്ന പുതിയ ചിത്രം കാപ്പയുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി. ഇന്നലെയായിരുന്നു അപര്‍ണയുടെ പിറന്നാള്‍ ദിനം. അപര്‍ണയുടെ ജന്മദിനമാണെന്ന് അറിഞ്ഞതോടെ നിര്‍മ്മാതാക്കളായ ജിനു വി എബ്രഹാമിന്റെയും ഡോള്‍വിന്റെയും നേതൃത്വത്തില്‍ ലളിതമായ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. കേക്ക് മുറിക്കലിനൊപ്പം സെറ്റില്‍ സദ്യയും ഒരുക്കിയിരുന്നു. ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വലിയ ബംഗ്‌ളാവിലായിരുന്നു ആഘോഷ പരിപാടികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നു വന്നത്. കേക്ക് മുറിച്ച് യൂണിറ്റംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അപര്‍ണ്ണക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. തന്റെ ജന്‍മദിനത്തില്‍ പങ്കാളിയായവരോട് അപര്‍ണ്ണ നന്ദി അറിയിച്ചു.

പൃഥ്വിരാജിന്റെ നായികയാണ് ചിത്രത്തില്‍ അപര്‍ണ. കൊട്ട മധു എന്ന ഗുണ്ടാനേതാവായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. കടുവ നേടിയ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് ഷാജി കൈലാസ് ചിത്രമൊരുക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ജൂലൈ 15ന് തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ആസിഫ് അലി, അന്ന ബെന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം.

 

Share news
error: Content is protected !!
Scroll to Top