
മലയാള സിനിമയില്‍ സുപരിചിതനായ നടനാണ് അനു മോഹന്‍. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കില്‍ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുന്‍നിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരം ഇന്ന് മലയാളത്തില്‍ ഒഴിച്ചുകൂടാനാവാത്ത അഭിനേതാവാണ്.
2005 ഏപ്രില്‍ 24ന് റിലീസ് ചെയ്ത ‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തില്‍ ‘നാസ്സര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് ചുവടുവെച്ച താരം, ആദ്യമായ് നായകവേഷം അണിയുന്നത് 2012 ജനുവരി 5ന് പുറത്തിറങ്ങിയ ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലാണ്. അതേ വര്‍ഷം തന്നെ രൂപേഷ് പീതാംബരന്റെ ‘തീവ്രം’ എന്ന ചിത്രത്തില്‍ പ്രതിനായകനായും താരം വേഷമിട്ടു. പിന്നീടങ്ങോട്ട് ഒരുപിടി കഥാപാത്രങ്ങള്‍ അനു മോഹനെ തേടിയെത്തി.
2014-ല്‍ ‘സെവന്‍ത് ഡേ’, ‘പിയാനിസ്റ്റ്’, ‘ദ ലാസ്റ്റ് സപ്പര്‍’ എന്നീ ചിത്രങ്ങളിലും 2015-ല്‍ ‘പിക്കറ്റ് 43’, ‘യു ടൂ ബ്രൂട്ടസ്’, ‘ലോക സമസ്ത’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം 2017-ല്‍ ‘ക്രോസ്‌റോഡ്‌സ്’ ഉം 2018-ല്‍ ‘അംഗരാജ്യതേ ജിമ്മന്മാര്‍’ ഉം ചെയ്തു. വീണ്ടും ഒരു വര്‍ഷത്തെ ഗ്യാപ്പിനൊടുവില്‍ 2020-ല്‍ ‘കാട്ടു കടല്‍ കുതിരകള്‍’, ‘അയ്യപ്പനും കോശിയും’ ചെയ്ത ശേഷം 2022-ല്‍ ’21 വണ്‍ ഗ്രാം’, ‘ ലളിതം സുന്ദരം’, ‘ട്വല്‍ത്ത് മാന്‍’, ‘വാശി’, ‘ലാസ്റ്റ് 6 ഹവേര്‍സ്’ എന്നീ അഞ്ച് ചിത്രങ്ങളിലാണ് അഭിനയിച്ചത്. അയ്യപ്പനും കോശിയും താരത്തിന്റെ കരിയറിലെ നാഴികകല്ലായിരുന്നു. ‘സി പി ഒ സുജിത്’ എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഗംഭീര കയ്യടിയാണ് ആ കഥാപാത്രത്തിലൂടെ അനു മോഹന്‍ കരസ്ഥമാക്കിയത്. പിന്നീടങ്ങോട്ട് സിനിമയില്‍ സജ്ജീവമായ താരം 2023-ല്‍ ഫഹദ് ഫാസില്‍ ചിത്രം ‘ധൂമം’ത്തിലും സുപ്രധാന വേഷത്തിലെത്തി. 2024-ല്‍ ‘സീക്രട്ട് ഹോം’, ‘ബിഗ് ബെന്‍’, ‘ഹണ്ട്’, ‘കഥ ഇന്നുവരെ’ എന്നീ ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പ്രേക്ഷക ഹൃദയങ്ങളിലും മലയാളം ഫിലിം ഇന്റസ്ട്രിയിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ അനു മോഹന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഒടുവിലായ് തിയറ്റര്‍ റിലീസ് ചെയ്ത ‘കഥ ഇന്നുവരെ’ മികച്ച അഭിപ്രായങ്ങള്‍ കരസ്ഥമാക്കി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് നായകനാവുന്ന ‘വിലായത്ത് ബുദ്ധ’, ശ്രീനാഥ് ഭാസിയോടൊപ്പം പ്രധാന വേഷത്തിലെത്തുന്ന ‘വികാരം’ എന്നിവയാണ് താരത്തിന്റെതായ് ഇനി വരാനിരിക്കുന്ന സിനിമകള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




