മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണന്‍ ‘തക്കുടു’

കേരള സ്‌കൂള്‍ കായികമേള – കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി രാജീവും വി ശിവന്‍കുട്ടിയും തിരുവനന്തപുരത്ത് നിര്‍വഹിച്ചു;മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണന്‍ ‘തക്കുടു’ ആണ്.

സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളേയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രത്യേകതയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് സ്‌കൂള്‍ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. മേളയില്‍ 20000 ത്തിലധികം കായിക പ്രതിഭകളും സവിശേഷ കഴിവുള്ള രണ്ടായിരത്തോളം കായിക പ്രതിഭകളും പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുവാനുള്ള സാധ്യതയുണ്ട് . സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ നവോത്ഥാനത്തിന് നാന്ദികുറിക്കുവാന്‍ ഈ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

നവംബര്‍ 4 മുതല്‍ 11വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 4 ന് വൈകുന്നേരം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വിപുലമായ ചടങ്ങുകളോടെയാണ് മത്സരം ആരംഭിക്കുന്നത്. സമാപനം നവംബര്‍11 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത 50 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. പുതിയ കാലത്തെ കായിക പ്രതിഭകളെ കണ്ടെത്താനുള്ള മേളക്ക് എറണാകുളത്ത് ക്രമീകരണങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കുകയാണെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top