Section

malabari-logo-mobile

ജില്ലയിലെ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളിറക്കാനൊരുങ്ങി അനര്‍ട്ട്; ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ കരാര്‍ വാഹനങ്ങള്‍ ഇലക്ട്രിക്കാക്കും

HIGHLIGHTS : ANERT ready to launch more electric vehicles on district streets; In the first phase, contract vehicles in government offices will be electrified

അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനൊരുങ്ങി അനര്‍ട്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യമൊരുക്കാന്‍ അനര്‍ട്ടിന്റെ ഇ-മൊബിലിറ്റി പ്രോജക്ടിന്റെ
ഭാഗമായി നടപടികള്‍ തുടങ്ങി.

ജില്ലയില്‍ ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകളിലേക്ക് ഇനി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കരാര്‍ പ്രകാരമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശവുമുണ്ട്. അഞ്ച് മുതല്‍ എട്ട് വര്‍ഷം വരെ കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്ന എല്ലാ വാഹനങ്ങളും പുതിയ ഇലക്ട്രിക് വാഹനങ്ങളാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പ് പ്രത്യേക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള ഡീസല്‍/പെട്രോള്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാണെന്ന് ഉറപ്പുവരുത്തി നടപ്പാക്കുന്നതിനായാണ് അനര്‍ട്ട് ഇ-മൊബിലിറ്റി പ്രൊജക്ട് നടപ്പാക്കുന്നത്. ഇതുപ്രകാരം വിവിധ വകുപ്പുകള്‍ ഉപയോഗിക്കുന്ന നിലവിലുളള കാറുകള്‍ക്ക് പകരം ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കുന്ന നടപടികള്‍ തുടരുകയാണെന്ന് അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍ പറഞ്ഞു.

sameeksha-malabarinews

ഒറ്റത്തവണ ചാര്‍ജ്ജിങില്‍ 120 കിലോമീറ്റര്‍ മുതല്‍ 450 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് അനര്‍ട്ട് മുഖേന ലഭ്യമാക്കുന്നത്. നിലവില്‍ ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ ഇലക്ട്രിക്ക് വാഹനം ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ കുറവാണെന്നതിനാല്‍ കൂടുതല്‍ വകുപ്പുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അനര്‍ട്ട് അധികൃതര്‍.

ഇലക്ട്രിക്ക് വാഹന നയത്തിന്റെ ഭാഗമായി പൊതു ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്റെ കൂടി പണിപ്പുരയിലാണ് അനര്‍ട്ട്. ഇതിന്റെ ആദ്യ പടിയായി പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡില്‍ പെരിന്തല്‍മണ്ണ നഗരസഭയുടെ സഹകരണത്തോടെ അനര്‍ട്ട് സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ദേശീയപാത, മറ്റ് പ്രധാന റോഡുകള്‍ സര്‍ക്കാര്‍ സ്ഥലങ്ങള്‍, കെ.ടി.ഡി.സി ഹോട്ടലുകള്‍, ടേക്ക് എ ബ്രേക്ക് സെന്ററുകള്‍, ഡി.ടി.പി.സി പാര്‍ക്കുകള്‍, ഫോറസ്റ്റ് ചെക്ക്പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ കുറഞ്ഞത് 1000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം (2.5 സെന്റ്) എങ്കിലും ലഭ്യമായാല്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!