മലപ്പുറം: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍ നിന്ന് കാണാതായ വെറ്റിലപ്പാറ മഞ്ഞപാലിയില്‍ വീട്ടില്‍ ജോസഫിനെ (65) മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയിലാണ് വെറ്റിലപ്പാറയിലെ വീടിനു സമീപത്തു വെച്ച് ഇദ്ദേഹത്തെ കാണാതായത്.
വ്യാഴാഴ്ച രാവിലെ മുതല്‍ പോലീസ്, ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ സംഘടനയായ കര്‍മ്മ, ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വെറ്റിലപ്പാറയിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരം ജോസഫിന്റെ മുണ്ടും മൊബൈല്‍ ഫോണും തെരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു. മൊബൈലും മുണ്ടും ലഭിച്ച സ്ഥലത്തു തെരച്ചില്‍ നടത്തിയെങ്കിലും ജോസഫിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
രാവിലെ തെരച്ചില്‍ പുരോഗമിക്കുന്നതിനിടയിലാണ് പടിഞ്ഞാറെ ചാത്തല്ലൂരിലെ കിഴക്കനൊടി പാടത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തിയത്. അടയ്ക്ക പറിക്കാന്‍ എത്തിയ സ്ഥലം ഉടമയാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ തെരച്ചില്‍ സംഘത്തെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അരീക്കോട് പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.



