തൃപ്പൂണിത്തുറ: മരുമകളുടെ ക്രൂര പീഡനത്തില്‍ വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ പട്ടിക്കാട് തറമുകളില്‍ പരേതനായ വിജയന്‍ പിള്ളയുടെ ഭാര്യ നളിനി (67)യെ ആണ് മരുമകള്‍ ക്രൂരമായി പീഡിപ്പിച്ചത്. ശരീരമാസകലം പരിക്കേറ്റതിനാല്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം പുന്തലത്താഴത്തുള്ള വീട്ടില്‍ വെച്ചാണ് സംഭവം. മകന്റെ ഭാര്യ അതിക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് നളിനി പറയുന്നത്.
തൃപ്പൂണിത്തുറ എരൂരില്‍ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്തു നിന്ന് ഇവരെ കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിലാക്കിയത്. മര്‍ദ്ദനമേറ്റ് നളിനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിനും കാഴ്ചയില്ലെന്ന് ഇവര്‍ പറഞ്ഞു.ഭര്‍ത്താവ് മരിച്ച ഇവരുടെ ഏക മകനാണ് കൊല്ലത്ത് വാടകയ്ക്ക് താമസിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ മകനൊപ്പം താമസിക്കാനെത്തിയത്.
അതേസമയം, തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹമെന്നുമാണ് നളിനി പറയുന്നത്.
സംഭവത്തില്‍, തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് കൊല്ലം കൊട്ടിയം സ്റ്റേഷനിലേക്ക് മാറ്റി. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് തൃപ്പൂണിത്തുറ എസ്.ഐ. അറിയിച്ചു.




