ഗസ്സാലിക്കും കുടുംബത്തിനും പാട്ടില്ലാത്തൊരു പെരുന്നാളില്ല.

ഹംസ കടവത്ത്.

പരപ്പനങ്ങാടി ; ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് പിറകെയെത്തുന്ന ഈദുല്‍ ഫിത്ത്‌റെന്ന ചെറിയ പെരുന്നാളും, ദൈവഹിതത്തിന് മുന്നില്‍ ഏത്ര വലിയ താല്പര്യങ്ങളെയും ബലി കൊടുക്കാന്‍ സന്നദ്ധമാക്കുന്ന ബലി പെരുന്നാളും എല്ലാരും ആഘോഷിച്ച് തീര്‍ക്കുമ്പോള്‍ തയ്യില്‍ ഗസ്സാലിയും കുടുംബവും തങ്ങളുടെ പെരുന്നാളാഘോഷം ജോറാക്കുന്നത് വീട്ടില്‍ വട്ടത്തിലിരുന്ന് മാപ്പിളപ്പാട്ടും ഗസലും കവാലിയിമൊക്കെ പാടിയാണ്.
അഞ്ച് പതിറ്റാണ്ട് മുമ്പ് പരപ്പനങ്ങാടിയില്‍ യശശരീരനായ ഡോ. അബ്ദുറഹിമാന്റെ നേത്യത്വത്തില്‍ നിലവില്‍ വന്ന ഗ്രാമീണ പാട്ടു കൂട്ടായ്മയില്‍ നന്നെ കുട്ടിക്കാലത്ത് കൂടി ചേര്‍ന്ന ഗസ്സാലി ഇതിനകം കൂട്ടുകാരും കൂട്ടായ്മ്മയും രംഗം വിട്ടിട്ടും, തന്റെ പാട്ടിനോടുള്ള ഇശ്കും ഇശലും ജീവിതത്തോടും ചേര്‍ത്ത് തന്നെ വെച്ചിട്ടുണ്ട്.
മോയിന്‍ കുട്ടി വൈദ്യര്‍ മുതല്‍ ഏ.വി. മുഹമ്മദ് വരെ കാലത്തിന് സമ്മാനിച്ച മാപ്പിള പാട്ടിന്റെ ഇശല്‍ സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെയും പാടി തിമര്‍ക്കും.

ചെറുകിട മത്സ്യ വ്യാപാരിയായ ഗസ്സാലിയുടെ പാട്ടുകേള്‍ക്കാന്‍ മാത്രമായി മീന്‍ വാങ്ങാനെത്തുന്നവരുണ്ട്. എന്നാല്‍ ആഘോഷ വേളകള്‍ ഗസ്സാലിക്കൊരു നിര്‍ബന്ധമുണ്ട് ആദ്യത്തെ പാട്ട് കുടുംബത്തിന്റെ അകത്തളത്തിലുരുന്നായിരിക്കും. വീട്ടിലെ മൈലാഞ്ചി മജിലിസിരുന്ന് തക്ബീര്‍ ധ്വനികളുടെ മഹത്വമുദ്‌ഘോഷിച്ച് തുടങ്ങുന്ന പെരുന്നാള്‍ പാട്ടുകള്‍ തയ്യില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ മുതല്‍ ചെറുമക്കള്‍ വരെ ചേര്‍ന്നിരുന്ന് പാടുകയും ആസ്വദിക്കുകയും ചെയ്യുന്നു.

ആഘോഷ വേദികള്‍ നാട്ടിലാകട്ടെ വീട്ടിലാകട്ടെ ഗസ്സാലിയുടെയും മക്കളുടെയും ഈ ഇശല്‍ മധുരം മാറ്റി നിര്‍ത്താനാവാത്ത ചേരുവയാണ്. മനസ്സിലും നാവിലും പാട്ടിന്റെ തിരകള്‍ അലയടിക്കുന്ന ഈ മത്സ്യ തൊഴിലാളിക്ക് ജീവിത പ്രാരാബ്ദത്തിന്റെ നടുക്കടലില്‍ പലപ്പോഴും അവസരങ്ങള്‍ ഉപയോഗപെടുത്താനോ, അത്തരം വേദികളില്‍ പാടാനോ കഴിഞിട്ടില്ല.

എന്നാല്‍ തനിക്ക് കിട്ടാത്തതെല്ലാം തന്റെ മക്കള്‍ക്ക് കിട്ടിയെ മതിയാകൂ എന്ന
ദൃഢനിശ്ചയത്തില്‍ ഗസ്സാലി തന്റെ മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസം നല്‍കുകുയം അതോടൊപ്പം തന്റെ കാലാപാരമ്പര്യത്തിന്റെ ജ്ഞാനം അവര്‍ക്ക് പകര്‍ന്നുകൊടുക്കുയും ചെയ്തു. മൂത്ത മകന്‍ ജേര്‍ണലിസ്റ്റായ തയ്യില്‍ ഗദ്ദാഫി, രണ്ടാമത്തെ മകന്‍ ഈയ്യിടെ ഡോക്ടറേറ്റ് നേടിയ ഡോ. തയ്യില്‍ ഗഫ്ഫാര്‍ഖാന്‍ , ഇളയ മകന്‍ സംസ്‌കൃത ഭാഷയില്‍ മാസ്റ്റര്‍ ഡിഗ്രി നേടി സംസ്‌ക്യത അധ്യാപകനായ തയ്യില്‍ ഖലീല്‍ , മാധ്യമ പ്രവര്‍ത്തകയായും അധ്യാപികയുമായ ഏക മകള്‍ മാരിയ ജീവിത പങ്കാളിയായ റുഖിയ ഗസ്സാലി എല്ലാവരും സംഗീതത്തെ നെഞ്ചേറ്റിയവര്‍.. പാട്ടില്‍ കഴിവ് തെളിയിച്ചവര്‍……
തങ്ങളുടെ കൊച്ചു വീട്ടില്‍ മത ഭൗതിക ധാര്‍മിക ശിക്ഷണങ്ങള്‍ കൊണ്ട് അനുഗ്രഹതീയമായ കലാ കുടുംബം, ഒരുമയുടെ പാട്ടു പാടി ജീവിച്ചു കാണിക്കുന്ന ഐക്യത്തിന്റെ ഇശല്‍ ആസ്വാദ്യകരവും മാതൃക പരവുമാണ്.
ഈ കുടംബത്തിലേക്ക് കയറി വന്ന മരുമകള്‍ക്കുമുണ്ട് സംഗീത പെരുമ.

അനുഗ്രഹീത കഴിവുകള്‍ നിറഞ്ഞ ഈ കുടുംബത്തിന് വരും പെരുന്നാളുകളിലും ആഘോഷ മുഹര്‍ത്തങ്ങളിലും സംഗീതാനുഭൂതി നിറക്കാനാകട്ടെ

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top