ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ താര സംഘടന അമ്മയുടെ നിര്‍ദേശം

കൊച്ചി: നടന്‍ ശ്രീജിത്ത് രവിയെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതില്‍ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ അന്വേഷണം ആരംഭിച്ചതായാണ് വിവരം. കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശം നല്‍കിയതായി സൂചന. ഇതേത്തുടര്‍ന്ന് സംഘടനാ ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടു.

കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിലായിരുന്നു ശ്രീജിത്ത് രവിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് വ്യാഴാഴ്ച രാവിലെ നടനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ തൃശൂര്‍ അയ്യന്തോളില്‍ വെച്ചായിരുന്നു സംഭവം. അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. 11 ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം പ്രതി അവിടെ നിന്ന് കാറില്‍ പോവുകയായിരുന്നു.

കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചുവെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിനിടെ കാറിനെകുറിച്ച് ലഭിച്ച സൂചനകള്‍ വഴിയാണ് ശ്രീജിത്ത് രവിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

Share news
error: Content is protected !!
Scroll to Top