അമീബിക് മസ്തിഷ്‌കജ്വരം: മരുന്നും പരിശോധനാസൗകര്യവും ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം : അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നതിനുള്ള പ്രാഥമിക പരിശോധനയായ വെറ്റ് മൗണ്ടിങ് ടെസ്റ്റ് എല്ലാ മെഡിക്കല്‍ കോളജുകളിലും ലഭ്യമാണെന്ന് ഡപ്യൂട്ടി ഡി.എം.ഒ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ മാത്രമാണ് പരിശോധനയെന്നും ഇതുമൂലം രോഗം സ്ഥിരീകരിക്കാനും ചികിത്സയാരംഭിക്കാനും കാലതാമസം വരുന്നുണ്ടെന്നുമുള്ള ആശങ്കയാണ് എം.എല്‍.എ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചത്. വെറ്റ് മൗണ്ടിങ് ടെസ്റ്റ് മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാണ്.

ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാന്‍ കഴിയും. അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള മരുന്ന് ജില്ലയില്‍ ലഭ്യമാണ്. ജലാശയങ്ങള്‍ ശുചീകരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പത്ര-ദൃശ്യമാധ്യമങ്ങള്‍ വഴിയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം നടത്തുന്നുണ്ടെന്നും ഡപ്യൂട്ടി ഡി.എം.ഒ വിശദീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top