അംബേദ്കര്‍ പദ്ധതി നടപ്പാക്കാന്‍ ഉന്നതിയില്‍ 25 കുടുംബങ്ങള്‍ വേണമെന്ന മാനദണ്ഡവും മാറ്റും; മന്ത്രി ഒ ആര്‍ കേളു

കോഴിക്കോട്: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭരണ, സാങ്കേതിക അനുമതികള്‍ ജില്ലാതലത്തില്‍ നല്‍കും വിധം ഭേദഗതി കൊണ്ടുവരുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു.

തിങ്കളാഴ്ച കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന പട്ടികജാതി -പട്ടികവര്‍ഗ-പിന്നാക്ക വികസന വകുപ്പുകളുടെ ജില്ലാതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റ് എല്ലാ വകുപ്പുകളുടെയും ഒരു കോടി രൂപ വരെയുള്ള പദ്ധതികളുടെ ഭരണാനുമതി നല്‍കുന്നത് ജില്ലാതലത്തിലാണ്. എന്നാല്‍ ഒരു കോടി രൂപ വരെ പദ്ധതി വിഹിതമുള്ള അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയ്ക്ക് അനുമതി നല്‍കുന്നത് ഡയറക്ടറേറ്റില്‍ നിന്നാണ്. ഇത് കാരണം ഫണ്ട് അനുവദിച്ചിട്ടും അംബേദ്കര്‍ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കാന്‍ വലിയ കാലവിളംബം
നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം.

അംബേദ്കര്‍ ഗ്രാമവികസന പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ആയിരിക്കും ഇനി ഭരണാനുമതി നല്‍കുക. സാങ്കേതികാനുമതി ലഭ്യമാക്കുക ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള എഞ്ചിനീയര്‍മാര്‍ അടങ്ങിയ സമിതിയായിരിക്കും. പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്ക വികസന വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും എഞ്ചിനീയര്‍മാരും വിരമിച്ച ഒരു എഞ്ചിനീയറും ഉള്‍പ്പെടുന്നതായിരിക്കും ഈ സമിതി.

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി നടപ്പാക്കാന്‍ ഉന്നതിയില്‍ ചുരുങ്ങിയത് 25 കുടുംബങ്ങള്‍ വേണമെന്ന മാനദണ്ഡവും മാറ്റുമെന്ന് മന്ത്രി അറിയിച്ചു. പുതുക്കിയ ഭേദഗതി അനുസരിച്ച് 25 വീടുകള്‍ ഉന്നതിയിലല്ലെങ്കിലും സമീപത്തെ പട്ടികജാതി-പട്ടികവര്‍ഗ വീടുകളും കൂടി ഉള്‍പ്പെടുത്തി ഒരു ക്ലസ്റ്റര്‍ ആയി പരിഗണിച്ചു 25 വീടുകള്‍ തികച്ചാല്‍ മതിയാകും.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭൂമിയില്ലാത്ത വ്യക്തിക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ ഭൂമി ഇല്ലെങ്കില്‍ ഏതെങ്കിലും പദ്ധതിയിലുള്‍പ്പെടുത്തി നിര്‍ബന്ധമായും അഞ്ചു സെന്റ് ഭൂമി അനുവദിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഓരോ ഉന്നതിയിലേക്കും വാഹനയോഗ്യമായ വഴിയും കുടിവെള്ള വിതരണം, വൈദ്യുതി സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

ജില്ലയില്‍ നിലവിലുള്ള 11 സാമൂഹ്യപഠന മുറികളുടെ നിലവാരം കാത്തു സൂക്ഷിക്കണമെന്നും ഭാവിയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെ പഠനമുറിയിലേക്ക് നല്‍കി ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യപഠനമുറി നവീകരിക്കുമെന്നും മന്ത്രി കേളു അറിയിച്ചു.

ഉന്നതിയിലെ ഒരു വികസന പദ്ധതിയുടെ വിശദപദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഭൗതിക കാര്യങ്ങളേക്കാള്‍ ഗുണഭോക്താക്കളുടെ പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, വൈദ്യുതി, കക്കൂസ്, വഴി എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം.

നേരത്തെ യോഗത്തില്‍ സംസാരിച്ച എംഎല്‍എമാര്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടും ഭരണാനുമതി ലഭിക്കുന്നതില്‍ വലിയ കാലതാമസം നേരിടുന്നതായി പരാതിപ്പെട്ടു.
ഭരണാനുമതി ലഭിച്ച പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ നിര്‍മ്മാണ ഏജന്‍സികള്‍ അലംഭാവം കാട്ടുന്നതായും എംഎല്‍എമാര്‍ പറഞ്ഞു. ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇത്തരത്തില്‍ കാലവിളംബം വരുത്തുന്നതായി പരാതിയുയര്‍ന്നു.

ജില്ലയിലെ ഏക മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളായ മരുതോങ്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ രേഖയില്‍ ഇല്ലെന്ന്
യോഗത്തില്‍ പരാതിയുയര്‍ന്നു. പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചാല്‍ മാത്രമേ സ്‌കൂളില്‍ അധ്യാപക നിയമനം സാധ്യമാവുകയുള്ളൂ എന്നും ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ വേണമെന്നും ഇ കെ വിജയന്‍ എംഎല്‍എ ഉന്നയിച്ചു.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ നാക്കിലമ്പാട് ജില്ലയിലെ ഏറ്റവും ശോച്യാവസ്ഥയിലുള്ള ഉന്നതി ആണെന്നും അവിടെയുള്ള 10 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു കക്കൂസ് മാത്രമുള്ള അവസ്ഥയാണെന്നും ലിന്റോ ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു.

ഒരു വീടിന്റെ നിര്‍മാണ ചെലവ് ആറു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചതെന്നിരിക്കെ നിര്‍മ്മാണ ഏജന്‍സി അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി എസ്റ്റിമേറ്റ് കൂട്ടുന്ന പരിപാടി നടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കരിങ്കാളിമ്മല്‍ നഗര്‍
ഉന്നതിയില്‍ വാട്ടര്‍ ടാങ്ക് ചോര്‍ച്ച പ്രശ്‌നം ഒരു മാസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്ക വികസന വകുപ്പുകളിലെ പദ്ധതികളില്‍ 100% ഫണ്ട് ഉപയോഗം ഉണ്ടാകണമെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. പദ്ധതികള്‍ കൃത്യമായി ഫോളോഅപ്പ് ചെയ്യുകയും സ്ഥലം എംഎല്‍എമാരെ വിവരം ധരിപ്പിക്കുകയും വേണം.

കോഴിക്കോട് ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് പ്രശ്‌നമില്ലെന്ന് മന്ത്രി പറഞ്ഞു. വകുപ്പുകള്‍ വഴി നേരിട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ പുരോഗതി ഉണ്ടെങ്കിലും ജില്ലയില്‍ കോര്‍പ്പസ് ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് നടപ്പാക്കുന്ന മറ്റു പദ്ധതികളില്‍ മെല്ലെപ്പോക്ക് പ്രകടമാണ്.

അവലോകന യോഗങ്ങള്‍ ഇനി മുതല്‍ എല്ലാ മാസവും ഓണ്‍ലൈന്‍ ആയി നടക്കുമെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. യോഗത്തില്‍ എംഎല്‍എമാരായ ഇ കെ വിജയന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ലിന്റോ ജോസഫ്, കെ എം സച്ചിന്‍ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, എഡിഎം സി മുഹമ്മദ് റഫീഖ് എന്നിവര്‍ പങ്കെടുത്തു.

പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ കെ പി ഷാജി, പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫീസര്‍ എ ബി ശ്രീജകുമാരി, പിന്നാക്ക വികസന വകുപ്പ് റീജ്യനല്‍ ഡയറക്ടര്‍ ബി പ്രബിന്‍ എന്നിവര്‍ പവര്‍ പോയിന്റ് അവതരണം നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top