Section

malabari-logo-mobile

വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്താന്‍ എല്ലാ സ്‌കൂളിലും നവംബര്‍ 30 നുള്ളില്‍ പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കണം: മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : All schools should set up vegetable gardens by November 30 to include non-toxic vegetables in lunch menu: Minister V Sivankutty

വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാര്‍ഷിക സംസ്‌ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാന്‍ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിക്കണമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസര്‍മാരുടെയും 14 ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബര്‍ 30 നുള്ളില്‍ എല്ലാ സ്‌കൂളിലും അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കപ്പെടുന്നുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാര്‍, ഉച്ചഭക്ഷണ ഓഫീസര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം.

സ്‌കൂള്‍ സന്ദര്‍ശനങ്ങളില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഓരോ ഉദ്യോഗസ്ഥരും സന്ദര്‍ശനം കേവലം രേഖകളില്‍ ഒതുക്കാതെ ചുമതലപ്പെടുത്തിയിരിക്കുന്ന ജോലി ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ഇത് പരിശോധിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ നിരന്തര പരിശോധന ഫീല്‍ഡില്‍ നടത്തണം. സ്‌കൂള്‍ പരിശോധനകള്‍ സംബന്ധിച്ച് എവിടെയെങ്കിലും വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉറപ്പാക്കണം.

നിലവില്‍ ഉച്ചഭക്ഷണ ആഫീസര്‍മാരുടെ മോണിറ്ററിംഗ് അലവന്‍സ്, ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരുടെ റ്റി.എ തുടങ്ങിയവ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു.

സംസ്ഥാനത്തെ 2200-ഓളം സ്‌കൂളുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സ്‌കൂള്‍ പി.ടി.എ യുടേയും നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി വരുന്നുണ്ട്. ഇത് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാര്‍, ഉച്ചഭക്ഷണ ഓഫീസര്‍മാര്‍ എന്നിവര്‍ നേതൃപരമായ പങ്ക് വഹിക്കണം.

ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തന്നതോടൊപ്പം അയണ്‍ഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് അത് കാര്യക്ഷമമാക്കണം. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്‌കൂളുകളിലേയും ഭക്ഷണ സാമ്പിളുകള്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലബോറട്ടറികളില്‍ മൈക്രോ ബയോളജിക്കല്‍/കെമിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിനും കേരള വാട്ടര്‍ അതോറിറ്റിയുടെ ലാബോറട്ടറികളില്‍ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ പരിശോധനകളില്‍ വാട്ടര്‍ ടാങ്കുകള്‍, കിണറുകള്‍ എന്നിവ വീഴ്ച കൂടാതെ പരിശോധിക്കണം.

കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് വിനിയോഗിച്ച് വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബല്‍ മേഖലകളിലേയും

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ 100 ഗ്രാം കപ്പലണ്ടി മിഠായി നല്‍കുന്ന പദ്ധതി ഈ അധ്യയന വര്‍ഷം നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ പാചകതൊഴിലാളികള്‍ക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ ഇക്കൊല്ലം പരിശീലനം നല്‍കും.

ഉച്ചഭക്ഷണ വിതരണത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ പരിഗണിക്കണം. ഈ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉച്ചഭക്ഷണ വിഭാഗം ഡയറക്ടറേറ്റ് തലം മുതല്‍ സ്‌കൂള്‍ തലം വരെ ജാഗരൂകരാകേണ്ടതുണ്ട്. നല്ല രീതിയില്‍ ഭക്ഷണ വിതരണം നടത്തുന്ന സ്‌കൂളുകള്‍ക്ക് പ്രശംസയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയും കര്‍ശനമാക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ, അഡീഷണല്‍ ഡയറക്ടര്‍ സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News