തമിഴ് നടൻ അജിത്തുമൊത്തുള്ള യാത്ര അനുഭവങ്ങൾ പങ്കുവെച്ച് നടി മഞ്ജു വാര്യർ. അടുത്തിടെ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയുടെ ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന എ.കെ 61 എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നായികയാകുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേയായിരുന്നു അജിത്തും സംഘവുമായി നടത്തിയ ബൈക്ക് യാത്രയുടെ അനുഭവം മഞ്ജു പങ്കുവെച്ചത്. അജിത്തും മഞ്ജുവുമൊത്തുള്ള ചിത്രങ്ങള്‍ വലിയരീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു
അജിത്ത് സാറിനൊപ്പമുള്ള തമിഴ് സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എന്റെ ചില സിനിമകളൊക്കെ കണ്ടിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളെ കുറിച്ചൊക്കെ വളരെ ബഹുമാനത്തോടെയാണ് സംസാരിക്കാറുള്ളത്. ഞാന്‍ വിചാരിച്ചത് ഞാന്‍ വളരെ ക്ഷമാശീലയായുള്ള ആളാണെന്നാണ്. എന്നാല്‍ അജിത്ത് സാറിനെ കണ്ട് പരിചയപ്പെട്ടപ്പോള്‍, അദ്ദേഹം ആളുകളോട് സംസാരിക്കുന്നതൊക്കെ കണ്ടപ്പോള്‍ എനിക്ക് എല്ലാവരോടും ഒരേ സ്‌നേഹത്തോടെ ഒരേ ഊഷ്മളതയോടെ പെരുമാറുന്ന ആളാണ് അദ്ദേഹമെന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണ്. എല്ലാവരേയും ഒരുപോലെ കാണും. അദ്ദേഹം ഇല്ലാത്ത സമയത്ത് പോലും ആ സെറ്റില്‍ ആളുകള്‍ അദ്ദേഹത്ത കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകും.
ഒരാള്‍ മുന്‍പില്‍ ഉള്ളപ്പോള്‍ അയാളെ കുറിച്ച് പറയുന്നതും ഇല്ലാത്തപ്പോള്‍ അതേ ആത്മാര്‍ത്ഥതയോടെ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അത്തരത്തില്‍ എല്ലാവരും ഒരേ ആത്മാര്‍ത്ഥതയോടെ, ഇഷ്ടത്തോടെ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുയാണ്. കുറച്ച് ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ട്., മഞ്ജു പറഞ്ഞു.




