അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലില്‍ രാജ്യം. 232 യാത്രക്കാരും 12 ജീവനക്കാരുമായി ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ താഴേക്ക് പതിച്ച് തീപിടിച്ച് കത്തിയത്. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 170 പേരാണ് മരണമടഞ്ഞത്. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത. ഇന്നലെയാണ് പത്തനംതിട്ടയില്‍ നിന്നും ഇവര്‍ ലണ്ടനിലേയ്ക്ക് മടങ്ങിയത്.
അപകട കാരണം കണ്ടെത്താന്‍ ഡിജിസിഎ അന്വേഷണം തുടങ്ങി. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്‌ററിഗേഷന്‍ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് പറന്നുയരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 232 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. ടേക് ഓഫ് ചെയ്ത് 5 മിനിട്ടിന് ഉള്ളില്‍ തന്നെ വിമാനം തകര്‍ന്ന് വീണു. 625 അടി ഉയരത്തില്‍ നിന്ന് വീണ് കത്തിയതായി ദൃക്‌സാക്ഷികള്‍ വിശദീകരിക്കുന്നു.
അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്കുകള്‍ക്കതീതമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത് ബാധിച്ചവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും മോദി അറിയിച്ചു. പരിക്കേറ്റവരെ സഹായിക്കാനായി പ്രദേശത്തുള്ള മന്ത്രിമാരുമായും അതോറിറ്റികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



