കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ അഹമ്മദ് ദേവര്‍കോവില്‍ ഐഎന്‍എല്‍ പ്രതിനിധിയായി ഇടത് മന്ത്രിസഭയിലേക്ക്

Ahmed Devarkovil joins Left cabinet as INL representative at the end of the quarter century

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ അഹമ്മദ് ദേവര്‍കോവില്‍ ഐഎന്‍എല്‍ പ്രതിനിധിയായി ഇടതു മന്ത്രിസഭയിലേക്കെത്തുമ്പോള്‍ ന്യൂനപക്ഷ രാഷ്ട്രീയം കുറിക്കുന്നത് പുതു ചരിത്രം. 1980ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ അഖിലേന്ത്യാ ലീഗിന് മന്ത്രിസ്ഥാനം നല്‍കിയ സിപിഎം നാല് പതിറ്റാണ്ടിന് ശേഷമാണ് മുസ്ലീം രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെ മന്ത്രിസഭയുടെ ഭാഗമാക്കുന്നത്. ഇതോടെ അഹമ്മദ് ദേവര്‍കോവില്‍ ഇനി കോഴിക്കോടിന്റെ സ്വന്തം മന്ത്രി. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍നിന്ന് മുസ്ലിംലീഗ് വനിതാ നേതാവിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ (ഐഎന്‍എല്‍) അമരക്കാരന്‍ മന്ത്രിപദത്തിലെത്തുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിംലീഗ് നേതാവ് എം കെ മുനീര്‍ രണ്ടുവട്ടം തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് സൗത്ത്. ഇവിടെയാണ് 12,459 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ വിജയകിരീടം ചൂടിയത്. ആദ്യമത്സരത്തില്‍തന്നെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിപദത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ കോഴിക്കോടിന്റെ വികസന പ്രതീക്ഷകള്‍ക്ക് ഇനിയും ചിറക് മുളയ്ക്കും.

1994ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രഥമ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ ഐഎന്‍എല്ലിന്റെ ഭാഗമായി നിലയുറപ്പിച്ചു അഹമ്മദ് ദേവര്‍കോവില്‍. ഐഎന്‍എല്ലിനെ ഇടതുപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഐഎന്‍എല്‍ നാദാപുരം മണ്ഡലം പ്രസിഡന്റും ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു. നിലവില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്.

രൂപീകരണകാലം മുതല്‍ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്‍ രണ്ടുവര്‍ഷംമുമ്പാണ് എല്‍ഡിഎഫില്‍ ഘടകകക്ഷിയായത്. ഇത്തവണ രണ്ട് സീറ്റില്‍ മത്സരിച്ചു. ഒന്നില്‍ ജയിച്ചു. അര്‍ഹമായ പരിഗണന നല്‍കിയാണ് ഐഎന്‍എല്‍ ഇതാദ്യമായി ഭരണചക്രം തിരിക്കാനെത്തുന്നത്.

കുറ്റ്യാടിക്കടുത്ത ദേവര്‍കോവില്‍ സ്വദേശിയാണ് ഇദ്ദേഹം. കോഴിക്കോട് നഗരത്തിലെ ജവഹര്‍ കോളനിയിലാണ് വര്‍ഷങ്ങളായി താമസം. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഹമ്മദ് ദേവര്‍കോവില്‍ വിപുലമായ സുഹൃദ്വലയത്തിനുടമയാണ്.

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ അനുയായിയും സി കെ പി ചെറിയ മമ്മുക്കേയിയുടെയും പി എം അബൂബക്കറിന്റെയും ശിഷ്യനുമാണ് 61കാരനായ ഇദ്ദേഹം. 1977 ല്‍ കുറ്റ്യാടി ഹൈസ്‌കൂള്‍ ലീഡറിലൂടെ തുടങ്ങിയതാണ് രാഷ്ട്രീയ ജീവിതം. അടിയന്തരാവസ്ഥയില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു.

ബിസിനസ് ആവശ്യാര്‍ഥം കുറെക്കാലം മുംബൈയിലായിരുന്നു. എങ്കിലും പൊതുപ്രവര്‍ത്തനം ഉപേക്ഷിച്ചില്ല . ബോംബെ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും ബോംബെ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റു ജനറല്‍ സെക്രട്ടറിയും ബോംബെ മലയാളി സമാജം സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. ജി എം ബനാത്ത് വാലയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മുസ്ലിം ലീഗിന്റെ കാര്യദര്‍ശി പദവി വഹിച്ചു.

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നു. മെഡിക്കല്‍ കോളേജ് ആസ്ഥാനമായുള്ള മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് (എംഎംസിടി) സ്ഥാപക ചെയര്‍മാനുമാണ്. സരോവരം ഗ്രീന്‍ എക്സ്പ്രസ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ഗവ. അംഗീകൃത ഹജ്ജ്- ഉംറ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •