തവനൂര്‍ സ്‌കില്‍ പാര്‍ക്കില്‍ സെന്‍ട്രല്‍ ഫൂട്ട് വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് ധാരണ: മന്ത്രി ഡോ. ആര്‍.ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂര്‍ സ്‌കില്‍ പാര്‍ക്കില്‍ സെന്‍ട്രല്‍ ഫൂട്ട് വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്ന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ ധാരണയായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി സെന്‍ട്രല്‍ ഫൂട്ട് വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി( സിഎഫ്ടിഐ)ചേര്‍ന്ന് നോണ്‍ ലെതര്‍ പാദരക്ഷാ നിര്‍മാണ മേഖലയിലുള്ള നൂതന പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. പാദരക്ഷാ നിര്‍മാണ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ ആവശ്യാനുസരണം അവരുടെ തൊഴിലാളികള്‍ക്കുള്ള പ്രത്യേക നൈപുണ്യ വികസന കോഴ്‌സുകളും ഇതോടൊപ്പം ലഭ്യമാക്കും.

ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍, ബേസിക് കട്ടിങ് ഓപ്പറേറ്റര്‍, ഫൂട്ട് വെയര്‍ CAD/CAM ഓപ്പറേറ്റര്‍, ലൈന്‍ സൂപ്പര്‍വൈസര്‍ തുടങ്ങി നിരവധി ഹ്രസ്വകാല, ദീര്‍ഘകാല കോഴ്‌സുകള്‍ പരിഗണനയിലുണ്ട്. പാദരക്ഷാനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികള്‍ അഭിമുഖീകരിക്കുന്ന, സാങ്കേതികവിദ്യാ നിപുണരായ തൊഴിലാളികളുടെ ലഭ്യതക്കുറവിന്റെ പ്രശ്‌നം ഒരു പരിധിവരെ പരിഹരിയ്ക്കുവാന്‍ ഇത്തരം പരിശീലനപരിപാടികളിലൂടെ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സെന്‍ട്രല്‍ ഫൂട്ട് വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഭാഗമായി,യഥാര്‍ഥ തൊഴില്‍ സാഹചര്യങ്ങള്‍ മനസിലാക്കുവാനും നേരിട്ടു തൊഴില്‍ നല്‍കുന്ന പരിശീലന പരിപാടികളില്‍ ഏര്‍പ്പെടാനുമുള്ള സൌകര്യങ്ങള്‍ തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കും. ഏതാണ്ട് 25000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള ലാബ്, വര്‍ക്ക്‌ഷോപ്പ് സൗകര്യങ്ങളും അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച സ്മാര്‍ട്ട് ക്ലാസ് മുറികളും സജ്ജീകരിക്കുന്നുണ്ട്.

തൊഴില്‍ നൈപുണ്യവികസനം എന്ന സുപ്രധാന ലക്ഷ്യം മുന്‍നിര്‍ത്തി അസാപ് കേരള, കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലൂടെ വിവിധ പരിശീലന പരിപാടികള്‍ ഇപ്പോള്‍ത്തന്നെ നടത്തി വരുന്നുണ്ട്. തവനൂര്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വെഹിക്കള്‍ റീഫിനിഷ് തുടങ്ങിയ വിവിധ നൈപുണ്യവികസന പരിശീലനപദ്ധതികള്‍ ഇപ്പോള്‍ നടന്നുവരുന്നു. കൂടാതെ മൂന്നോളം പ്ലേസ്‌മെന്റ് ഡ്രൈവുകളും വിവിധ ഇന്റേണ്‍ഷിപ്പ് പരിപാടികളും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. സിഎഫ്ടിഐ ട്രെയിനിങ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ തവനൂര്‍ സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിതമാകുന്നതോടു കൂടി, തികച്ചും വ്യതസ്തമായൊരു വ്യവസായമേഖലയില്‍ നൈപുണ്യപരിശീലനം ലഭിക്കുന്നതിനുള്ള അവസരം തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് ലഭ്യമാകും. പാദരക്ഷ നിര്‍മാണമേഖലയില്‍ പുതിയ കമ്പനികള്‍ വരുന്നതിനും, ഇപ്പോള്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അവരുടെ നിര്‍മാണ വിതരണപ്രവര്‍ത്തങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സെന്ററിലെ പരിശീലനങ്ങള്‍ സഹായകരമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സാന്നിധ്യത്തില്‍ അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും സിഎഫ്ടിഐ ചെന്നൈ ഡയറക്ടര്‍ കെ മുരളിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഹെഡ് സജിത്ത് കുമാര്‍ ഇ.വി, അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ വി, ചീഫ് കോര്‍ഡിനേറ്റര്‍, സിഎഫ്ടിഐ ചെന്നൈ നാഗരാജന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top