സംസ്ഥാനത്ത് ആഫ്രിക്കന്‍ ഒച്ച് ഭീഷണി; കൃഷിയെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആഫ്രിക്കന്‍ ഒച്ചുകളുടെ ഭീഷണിയെന്ന് ആശങ്ക. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലയില്‍ ആഫ്രിക്കന്‍ ഒച്ച് (അക്കാറ്റിന ഫുലിക്ക) പെരുകുന്നു. കപ്പ, ചേന, ചേമ്പ്, ഇഞ്ചി തുടങ്ങിയവയുടെ കൃഷിയെ ബാധിക്കുന്ന തരത്തിലേക്ക് ഇവയുടെ വ്യാപനം വളര്‍ന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇതുവരെ ഒമ്പത് പേര്‍ക്ക് ഒച്ചുകള്‍ മൂലമുള്ള അഞ്ചാം പനി ബാധിച്ചതായി കണ്ടെത്തി. അഞ്ചാംപനിക്ക് കാരണമാകുന്ന നാടവിരകള്‍ ഇവയില്‍ ഉണ്ടെന്ന് നേരത്തെ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

മറ്റുരാജ്യങ്ങളില്‍നിന്ന് തടി ഇറക്കുമതിയിലൂടെ കേരളത്തില്‍ എത്തിയ ഇവ 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിലൂടെയാണ് വ്യാപിച്ചത്. അഞ്ചുമുതല്‍ ആറുവര്‍ഷംവരെയാണ് ഇവയുടെ ആയുസ്സ്. തണുത്ത പ്രതലത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ മുട്ടകള്‍ സൂക്ഷിക്കുന്നത് മണ്ണിനടിയിലാണ്. ഒരുതവണ 800ല്‍ അധികം മുട്ടയിടും. ഇണചേരാതെതന്നെ പ്രത്യുല്‍പ്പാദന ശേഷിയുമുണ്ട്. മൂന്നു വര്‍ഷംവരെ ഭക്ഷണം കഴിക്കാതെ മണ്ണിനടിയില്‍ ജീവിക്കാന്‍ ആഫ്രിക്കന്‍ ഒച്ചിന് സാധിക്കുമെന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

കാണുന്ന സമയത്തുതന്നെ പിടികൂടി നശിപ്പിക്കുകയാണ് ഏക പ്രതിവിധി. ഇതിനായി പുകയില കഷായവും തുരിശും ചേര്‍ന്ന ലായനി ഉപയോഗിക്കാം. ഒച്ചിന്റെ ദ്രവം ശരീരത്തിലാവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

ലോകത്തിലെ അപകടകാരികളായ 100 ജീവികളില്‍പ്പെടുന്ന ഇവ കാര്‍ഷിക വിളയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top