വഖഫ് ബോര്‍ഡ് ചെയര്‍മാനായി പൊന്നാനി പെരുമ്പടപ്പ് സ്വദേശി അഡ്വ എം.കെ സക്കീറിനെ തെരഞ്ഞെടുത്തു

HIGHLIGHTS : സംസ്ഥാന വഖഫ് ബോര്‍ഡിന്റെ 15 മത് ചെയര്‍മാനായി അഡ്വ.എം.കെ സക്കീറിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന വഖഫ് ബോര്‍ഡ് അംഗങ്ങള...

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ 15 മത് ചെയര്‍മാനായി അഡ്വ.എം.കെ സക്കീറിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന വഖഫ് ബോര്‍ഡ് അംഗങ്ങളുടെ യോഗത്തില്‍ 10 അംഗങ്ങളും ഐക്യകണ്ഠേനയാണ് സക്കീറിനെ തെരഞ്ഞെടുത്തതെന്ന് സംസ്ഥാന വഖഫ് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ അറിയിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സക്കീറിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് നല്ല പ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസുകളും തര്‍ക്കങ്ങളും പരാതി പരിഹാരവും മറ്റും വേഗത്തിലാക്കാന്‍ പുതിയ ചെയര്‍മാന് കഴിയും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കല്‍ സമയം ആവശ്യമുള്ള പ്രക്രിയയാണെന്നും അത് പുതിയ ചെയര്‍മാനു കീഴില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വഖഫ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളെ ഏതുവിധേനയും രജിസ്റ്റര്‍ ചെയ്യിപ്പിക്കേണ്ടതുണ്ടെന്ന് നിയുക്ത ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. വഖഫ് ചെയ്ത സ്വത്തുകള്‍ കുടുംബ ട്രസ്റ്റ് കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ട്. രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കും.

sameeksha-malabarinews

പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്നും അപേക്ഷകളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ മുന്‍കൈ എടുക്കുമെന്നും അഡ്വ എം.കെ സക്കീര്‍ പറഞ്ഞു. അഴിമതി പുരളാത്ത, തികച്ചും നിയമപരമായും കൃത്യനിര്‍വഹണ ബോധത്തോടെയുമായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനുമുള്ള നടപടികളുമായി മുന്നോട്ടു പോകും. പാവപ്പെട്ടവര്‍ക്കുള്ള വിവിധ ഗ്രാന്റുകള്‍ സമയത്തു തന്നെ അനുവദിക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കും.

മലപ്പുറം, പൊന്നാനി, പെരുമ്പടപ്പ് സ്വദേശിയായ സക്കീര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ (2016-2022), പി.എസ്. സി അംഗം (2011-2016), തൃശൂരില്‍ ഗവണ്മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ (2006-2010) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള ഹൈക്കോടതി അഭിഭാഷകനാണ്. വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡ് മെമ്പര്‍മാരായ പി.വി അബ്ദുല്‍ വഹാബ് എം. പി, എം നൗഷാദ് എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, പി.വി സൈനുദ്ദീന്‍, എം.സി മായിന്‍ഹാജി, റസിയ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!