
മലപ്പുറം ജില്ലയിലെ നാല് സുപ്രധാന റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ച് നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആകെ 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂര്‍- കടലുണ്ടി 3.4 കിലോമീറ്റര്‍ റോഡിന് അഞ്ചു കോടി രൂപയും കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ ചുങ്കം – മാങ്കടവ് – കുനിത്തലക്കടവ് ഒന്നര കിലോമീറ്റര്‍ റോഡിന് ഒന്നര കോടി രൂപയും വാവൂര്‍- ചെറിയപറമ്പ് 2.5 കി.മീ ജില്ലാ പഞ്ചായത്ത് റോഡിന് രണ്ടര കോടി രൂപയും മേലങ്ങാടി എയര്‍പോര്‍ട്ട് 1.5 കി.മീ. റോഡിന് രണ്ടു കോടി രൂപയുമാണ് അനുവദിച്ചത്.
പൊന്നാനിയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് താനൂര്‍, പരപ്പനങ്ങാടി പട്ടണങ്ങളിലൂടെ കടന്നുപോകുന്ന തിരൂര്‍- കടലുണ്ടി റോഡിന്റെ മൂന്നു കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനാണ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായതോടെ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 30 കിലോമീറ്ററോളം കുറയ്ക്കാന്‍ ഈ റോഡ് സഹായിച്ചിട്ടുണ്ട്. തീരമേഖലയിലൂടെ അധികം വളവുകളില്ലാതെ കടന്നുപോകുന്ന ഈ റോഡിനെ നിലവില്‍ ശബരിമല തീര്‍ഥാടകരും ടാങ്കര്‍, ട്രക്ക് ഡ്രൈവര്‍മാരും കൂടുതലായി ആശ്രയിക്കുന്നു. ഇതിന്റെ ആദ്യ 14 കിലോമീറ്റര്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. തുടര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ബജറ്റ് വിഹിതം ഉപയോഗിച്ച് നവീകരിച്ചുവരികയാണ്. 15 മുതല്‍ 18 വരെയുള്ള മൂന്നു കിലോമീറ്റര്‍ ഡിഎഫ്ഐപിക്കു കീഴിലും നവീകരിച്ചു. ഇതേ നിലവാരത്തില്‍ ഇനിയുള്ള മൂന്നു കിലോമീറ്ററും നവീകരിക്കും.
കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ ചുങ്കം – മാങ്കടവ് – കുനിത്തലക്കടവ് റോഡ് എട്ട് മീറ്റര്‍ വീതിയിലാണ് ബിഎംബിസി നിലവാരത്തില്‍ ഒന്നര കോടി രൂപ ചെലവിട്ട് നവീകരിക്കുന്നത്. വാവൂര്‍- ചെറിയപറമ്പ് ജില്ലാ പഞ്ചായത്ത് റോഡ് ബിഎംബിസി നിലവാരത്തില്‍ നവീകരിക്കുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മികച്ച നിലവാരത്തില്‍ മറ്റൊരു റോഡുകൂടി സാധ്യമാകും. നവീകരണത്തിന് ഭരണാനുമതി നല്‍കിയ മേലങ്ങാടി- എയര്‍പോര്‍ട്ട് റോഡാകട്ടെ പരപ്പനങ്ങാടി അരീക്കോട് റോഡിനേയും കരിപ്പൂര്‍ വിമാനത്താവളത്തേയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡാണ്. കൊണ്ടോട്ടിയില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ ഈ റോഡില്‍ തിരക്കേറുന്നത് പതിവാണ്. വിമാനത്താവളത്തില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ ഏറെ പ്രാധാന്യത്തോടെ ഉപയോഗിക്കപ്പെടുന്ന ഈ റോഡ് നിലവില്‍ ചിപ്പിംഗ് കാര്‍പ്പറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




