തട്ടിക്കൊണ്ടുപോകലിന് ഒരു വര്‍ഷം മുന്‍പേ ആസൂത്രണം തുടങ്ങി; പല കുട്ടികളെയും പ്രതികള്‍ ലക്ഷ്യമിട്ടു;എഡിജിപി

കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായും പണത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും എഡിജിപി എം ആര്‍ അജിത് കുമാര്‍. കേസിലെ മൂന്ന് പ്രതികളെയും ചോദ്യം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പൊലീസിന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. കേസിന്റെ തുടക്കത്തില്‍ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായിരുന്നു മുന്‍ഗണന. കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം അതുകൊണ്ടാണ് പ്രതികളിലേക്ക് എത്താന്‍ വൈകിയത്. കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്നും എഡിജിപി പറഞ്ഞു.

കുട്ടിയുടെ സഹോദരന്‍ ജൊനാഥന്റെ ഇടപെടല്‍ കൃത്യമായിരുന്നു.തട്ടിക്കൊണ്ടു പോയ കുട്ടിയുടെ സഹോദര്‍ ജൊനാഥനാണ് ഒന്നാമത്തെ ഹീറോ എന്നും രണ്ടാമത്തെ ഹീറോ അബിഗേലാണെന്നും അബിഗേല്‍ പറഞ്ഞപ്രകാരം രേഖാ ചിത്രം കൃത്യമായി വരച്ച രണ്ട് പേരാണ് മൂന്നാമത്തെ ഹീറോകള്‍ എന്നും എ ഡി ജി പി പറഞ്ഞു.

എം നിശാന്തിനിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ വലിയ പൊലീസ് സംഘമാണ് കേസന്വേഷിച്ചത്. കേസ് ഏറെ സങ്കീര്‍ണമായിരുന്നു. 96 മണിക്കൂറിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. സൈബര്‍ വിശകലനവും കേസന്വേഷണത്തെ സഹായിച്ചു. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രിതമായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ നടപ്പാക്കി. കടുത്ത സമ്മര്‍ദ്ദമുണ്ടായെങ്കിലും കൃത്യമായ വഴിയില്‍ അന്വേഷണം നടന്നു. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ എഡിജിപി അഭിനന്ദിച്ചു.

കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളതെന്നും എഡിജിപി പറഞ്ഞു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍, ഭാര്യ അനിതാ കുമാരി, മകള്‍ അനുപമ എന്നിവരാണ് കേസില്‍ പ്രതികള്‍. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ നാലാമത് ഒരാള്‍ ഉണ്ട് എന്ന് കണ്ടെത്താനായിട്ടില്ല. പത്മകുമാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. എങ്ങനെയും സാമ്പത്തിക ബാധ്യത മറികടക്കാനായിരുന്നു ശ്രമമെന്നാണ് പത്മകുമാറിന്റെ മൊഴി.

കോവിഡിന് ശേഷം ഇവര്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും ഇത് മറകടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും, തട്ടിക്കൊണ്ടുപോകലിന് ഒരു വര്‍ഷം മുന്‍പേ ആസൂത്രണം തുടങ്ങിയിരുന്നു. സ്ഥിരമായി യാത്ര ചെയ്ത്, തട്ടിക്കൊണ്ടുപോകാന്‍ സാധിക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും കുട്ടികളെ ഒരാഴ്ചയിലധികം നിരീക്ഷിക്കുകയും ചെയ്തിരുന്നു. നേരത്തെയും ഈ കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചിരുന്നു. വാഹനത്തിനായി ഇവര്‍ രണ്ട് തവണ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചിരുന്നതായും എഡിജിപി വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top