നടിയെ ആക്രമിച്ച കേസില്‍ ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. കേസില്‍ നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ ദിലീപ് ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ തൃശൂര്‍ ടെന്നീസ് ക്ലബില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇതിനാലാണ് കോടതി ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. 44 സാക്ഷികളുടെ വിസ്താരം ഇതുവരെ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •