നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം.

തൃശൂര്‍ ജില്ലയില്‍ തൃത്തല്ലൂരിലെ ഏങ്ങൂര്‍ തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായാണ് ജനനം. തൃത്തല്ലൂര്‍ യു പി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്‌കൂള്‍ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്‌സിനു ചേര്‍ന്നു.

പ്രശസ്ത നാടകാഭിനേതാക്കളായിരുന്നു ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍, ഭാര്യാപിതാവായ ഒ മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ രാജേന്ദ്രന്‍ തന്നെ ഒരു റഷ്യന്‍ നോവല്‍ നാടകമാക്കി.1987ല്‍ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഈ നാടകം നേടുകയുണ്ടായി.അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

Share news
error: Content is protected !!
Scroll to Top