മുംബൈ: പൂനെയില്‍ നിന്ന് ഷിര്‍ദി സായിബാബ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച ഡ്രസ് കോഡ് ബോര്‍ഡില്‍ പ്രതിഷേധിച്ച് തൃപ്തി ദേശായി ഷിര്‍ഡിയിലേക്ക് പോകുന്ന വഴിയായിരുന്നു അറസ്‌ററ് .
ക്ഷേത്രത്തിലെത്തുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്ന മാന്യമായ വസ്ത്രം ധരിക്കണമെന്ന് അധികൃതര്‍ ബോര്‍ഡ് വെച്ചിരുന്നു. എന്നാല്‍ ഭക്തര്‍ക്ക് എന്ത് വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ക്ഷേത്ര ട്രസ്റ്റിന് കഴിയില്ലെന്നാണ് ദേശായി വാദിക്കുന്നത്. അതിനാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ നേരിട്ടെത്തി ബോര്‍ഡ് എടുത്തുമാറ്റുമെന്നും തൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മേഖലയിലെ ക്രമസമാധാന നില കണക്കിലെടുത്ത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് തൃപ്തിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഡിസംബര്‍ പതിനൊന്ന് വരെ തൃപ്തിക്ക് ഷിര്‍ദി മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാനാകില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ ഉത്തരവിട്ടിരുന്നു.




