Section

malabari-logo-mobile

വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്താന്‍ നടപടി; വാര്‍ഡ് തല ജാഗ്രതസമിതി മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി

HIGHLIGHTS : Action to find those who have not been vaccinated; CM urges ward level vigilance committee to take initiative

തിരുവനന്തപുരം: ഓരോ പ്രദേശത്തും വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്താന്‍ വാര്‍ഡ് തല ജാഗ്രതസമിതി മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴത്തൂര്‍ വെസ്റ്റ് എല്‍ പി സ്‌കൂള്‍ പുതുതായി നിര്‍മിച്ച കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തി വാക്സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ വാക്സിനേഷന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിന്‍ എടുക്കാന്‍ തയ്യാറല്ലാത്ത ചില ആളുകളുടെ ദുര്‍വാശി അറിഞ്ഞു കൊണ്ട് മരണം വരിക്കലാണ്. സര്‍ക്കാരിന് നിര്‍ബന്ധപൂര്‍വ്വം ഇവരെകൊണ്ട് വാക്സിന്‍ സ്വീകരിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ നാടിനും ബന്ധുക്കള്‍ക്കും അതിന് സാധിക്കും. അവരെ കൊണ്ട് സ്‌നേഹപൂര്‍വ്വം പറഞ്ഞു മനസിലാക്കി വാക്സിന്‍ സ്വീകരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനൊപ്പം ജീവിക്കാന്‍ നമ്മള്‍ ശീലിക്കണം. കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ ഇല്ല. എന്നാല്‍ കോവിഡ് പ്രതിരോധത്തിന് കുഞ്ഞുങ്ങള്‍ക്ക് ഹോമിയോ ഗുളിക നല്ലതാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അത് നല്‍കുന്നത്. കോവിഡ് കാലത്ത് നല്ല രീതിയില്‍ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് പണമെറിഞ്ഞു പണം കൊയ്യാമെന്ന രീതിയില്‍ വിദ്യാഭ്യാസത്തെ സമീപിക്കുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് പൊതുവിദ്യാഭ്യാസയജ്ഞം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്. അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തും പൊതു വിദ്യാഭ്യാസ രംഗത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ഏതു വിദ്യാലയങ്ങളിലുമുള്ള മികച്ച അക്കാദമിക് നിലവാരം ഇവിടെയും ലഭിക്കുന്ന തരത്തില്‍ പൊതു വിദ്യാഭ്യാസത്തെ ഉയര്‍ത്തിയെടുക്കാനായി. ഉയര്‍ന്ന അക്കാദമിക് നിലവാരമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. പരിപാടിയില്‍ 2019 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 458 റാങ്ക് നേടിയ സ്മില്‍ന സുധാകറിനേയും ഇന്ത്യന്‍ നേവിയില്‍ സബ് ലഫ്റ്റനന്റ് ആയ സായൂജ് സുനിലിനേയും ആദരിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, വൈസ് പ്രസിഡണ്ട് സി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി റെജി, വാര്‍ഡ് അംഗങ്ങളായ കെ സി ശ്രീലത, വി വിചിത്ര, മുന്‍ എം പി കെ കെ രാഗേഷ്, തലശ്ശേരി നോര്‍ത്ത് എഇഒ കെ രഞ്ജിത്ത് കുമാര്‍, പ്രധാനധ്യാപകന്‍ ടി മഹേന്ദ്രന്‍, പി ടി എ പ്രസിഡണ്ട് പി ശ്രീനിവാസന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!