Section

malabari-logo-mobile

മുകേഷിനെതിരെ നടപടിയെടുക്കണം; ബാലാവകാശ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ്.

HIGHLIGHTS : Action should be taken against Mukesh; MSF lodges complaint with Child Rights Commission

തിരുവനന്തപുരം: കൊല്ലം എം.എല്‍.എ. മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ്. സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച വിദ്യാര്‍ത്ഥിയോട് ഭീഷണിപ്പെടുത്തി സംസാരിച്ചെന്ന് കാണിച്ചാണ് എം.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പരാതി നല്‍കിയത്.

മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എം.എസ്.എഫ്. കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

സംഭവത്തില്‍ എം.എല്‍.എക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച കുട്ടിയെ മുകേഷ് മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

അതേസമയം പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ വിശദീകരണവുമായി മുകേഷ് രംഗത്ത് എത്തി. തനിക്ക് നിരന്തരം ഇത്തരം ഫോണ്‍ കോളുകള്‍ വരാറുണ്ടെന്നും ഇത് മനപൂര്‍വ്വം തന്നെ കുടുക്കാന്‍ വേണ്ടി ചെയ്തതാണെന്നും മുകേഷ് പറഞ്ഞു.

ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു മുകേഷിന്റെ വിശദീകരണം. പ്രധാന മീറ്റിംഗില്‍ ഇരിക്കുന്ന സമയത്ത് ആറു തവണ വിളിച്ചപ്പോഴാണ് പാലക്കാട് എം.എല്‍.എയെ അറിയുമോ എന്ന തരത്തില്‍ ചോദിച്ചതെന്നും മുകേഷ് പറഞ്ഞു.

തന്നെ പ്രകോപിപ്പിക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യിപ്പിക്കുന്നതാണെന്നും താന്‍ നേരത്തെ ഇത്തരം വിഷയങ്ങളില്‍ ഇരൈവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ട്രെയിന്‍ ലേറ്റ് ആണോ, കറണ്ടു പോയി എന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. ചിലര്‍ കുട്ടികളെ കൊണ്ട് വിളിപ്പിക്കുന്നുണ്ടെന്നും റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മനസിലായെന്ന് പറയുമ്പോള്‍ ഫോണ്‍ കട്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആസൂത്രണം ചെയ്ത് ആരോ ചെയ്തതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാന്‍ പോവുകയാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

ഫോണില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച കുട്ടിയോട് സ്വന്തം നാട്ടിലെ എം.എല്‍.എയോട് പറയൂ എന്നാണ് മുകേഷ് പറഞ്ഞത്. ഒരു മീറ്റിംഗില്‍ ആണെന്ന് പറഞ്ഞിട്ടും തന്നെ വിളിച്ചതെന്തിനാണെന്നും മുകേഷ് ചോദിക്കുന്നുണ്ട്.

ഫോണ്‍ ഒരു കൂട്ടുകാരന്‍ തന്നാതാണെന്ന് കുട്ടി പറയുമ്പോള്‍ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു എന്നും മുകേഷ് പറയുന്നുണ്ട്. തന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ വെച്ച് അടിക്കുമായിരുന്നു എന്നും മുകേഷ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!