അമ്പലവയല്‍ (വയനാട്): ആസിഡ് ആക്രമണത്തില്‍ ഭാര്യയ്ക്കും മകള്‍ക്കും പരിക്ക്. ആറാട്ടുപാറയിലെ വിനോദസഞ്ചാരകേന്ദ്രമായ ഫാന്റം റോക്കിന്റെ പ്രവേശന കവാടത്തിനരികില്‍ കച്ചവട സ്ഥാപനം നടത്തുന്ന നിജിതയുടെയും 12 വയസ്സുള്ള മകള്‍ അളകനന്ദയുടെയും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ചശേഷം ഭര്‍ത്താവ് സനല്‍ കടന്നു കളഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം.
കണ്ണൂര്‍ സ്വദേശിയായ സനല്‍ വയനാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സനലിനെ കണ്ടെത്തുന്നതിന് എല്ലാ സ്റ്റേഷനുകളിലും വിവരം നല്‍കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ നിജിതയും മകള്‍ അളകനന്ദയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്.
വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭര്‍ത്താവ് സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തില്‍ തന്നെ സനല്‍ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സനല്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്




