തിരൂരങ്ങാടി: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പുത്തൂര്‍ അബ്ദുല്‍ സലീമിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പുത്തൂര്‍ ആദില്‍(25) ആണ് പിടിയിലായത്. സലീമിന്റെ ജ്യേഷ്ഠന്റെ മകനാണ് പിടിയിലായ ആദില്‍.
വെള്ളിയാഴ്ച വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലാണ് മോഷണം നടന്നത്. സലീമിന്റെ ഭാര്യയും മകളും മമ്പുറത്ത് സമ്മേളനത്തിന് പോയതായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ താക്കോല്‍ ഏല്പിച്ചാണ് ഇവര്‍ പോയിരുന്നത്. രാത്രി തിരിച്ചു വന്നപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാല്‍ ശനിയാഴ്ച രാവിലെയാണ് മോഷണം പോയത് അറിയുന്നത്. പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പത്തേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും റാക്കിലും സ്റ്റയര്‍ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവര്‍ന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീട്ടില്‍ യാതൊരുവിധ കളവ് നടന്നതായുള്ള ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കളവ് നടത്തിയ ആള്‍ വീട്ടിലുള്ളവരോ വീട്ടില്‍ സ്ഥിരമായി വരാന്‍ സാധ്യതയുള്ളവരോ ആണെന്ന പോലീസിന്റെ നിഗമനത്തില്‍ സ്ഥലത്തും പരിസരവാസികളിലും അന്വേഷണം നടത്തുകയായിരുന്നു. പ്രതി പരാതിക്കാരി വീടു പൂട്ടി ചാവി ഏല്‍പ്പിക്കുന്ന പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ അനിയന്റെ വീടിന്റെ പരിസരത്ത് കണ്ടിരുന്നുവെന്നും സംഭവത്തിനുശേഷം പ്രതിയുടെ പരിഭ്രാന്തിയും മനസ്സിലാക്കി സംശയം തോന്നി പ്രതിയെ ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിലെ പറമ്പില്‍നിന്നും കുഴിച്ചിട്ട് വെച്ചിരുന്ന സ്വര്‍ണ്ണമാലയും വീടിനകത്ത് ബാഗില്‍ വെച്ച പാദസരവും പ്രതി കാണിച്ചു തന്നതില്‍ പ്രതിയെ അറസ്റ്റ് ചെയ്തു മോഷണം മുതലുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു . മോഷ്ടിച്ച 12 ലക്ഷം രൂപയോളം പ്രതി ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇതെകുറിച്ച് അന്വേഷണം നടന്നു വരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ നാളെ പരപ്പനങ്ങാടി കോടതി മുമ്പാകെ ഹാജരാക്കും.
തിരൂരങ്ങാടി എസ്എച്ച്ഒ ശ്രീനിവാസന്‍ കെടി യുടെ നേതൃത്വത്തില്‍ എസ്‌ഐ സുജിത് എന്‍ ആര്‍, എസ്‌ഐ രഞ്ജിത്, എഎസ്‌ഐ സതീശന്‍, സിപിഒ ഫാരിസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



