
ഫറോക്ക് : കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നല്ലളം കൊളത്തറ വലിയ പറമ്പത്ത് മാണക്കോത്ത് വീട്ടിൽ ജിത്തു (29)വി നെയാണ് ഫറോക്ക് സബ് ഡിവിഷൻ അസിസ്റ്റന്റ് കമീണർ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എസ് വി ബിജുവിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫറോക്ക്, നല്ലളം, കുന്നമംഗലം, തേഞ്ഞിപ്പലം, കൊണ്ടോട്ടി, പരപ്പനങ്ങാടി, പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധികളിലായി ഭവനഭേദനം, മോഷണം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട പ്രതി രാമനാട്ടുകര ബൈപാസിടുത്ത് അഴിഞ്ഞിലത്തുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
നല്ലളം പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി നേരത്തെ ആറുമാസത്തേക്ക് കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. നല്ലളം ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണറുടെ ശുപാർശയിൽ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ കലക്ടർ ഉത്തരവിടുകയായിരുന്നു.
എസിപി ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ, എസ്സിപിഒമാരായ ഐ ടി വിനോദ്, അനുജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സിപിഒമാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു, നല്ലളം സ്റ്റേഷനിലെ എസ്ഐ സുനിൽ കുമാർ, എഎസ്ഐ രാജേഷ്, എസ്‌സിപിഒ സഫീൻ, സി പിഒ അരവിന്ദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




