ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടുമെന്ന് എബിപി – സി വോട്ടര്‍ പ്രവചനം. കോണ്‍ഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളിലാണ് വിജയം നേടിയേക്കുക.
മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയായി 39 ശതമാനം പേരും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാകുന്നതിനെ 31 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ ഡി കെ ശിവകുമാറിനെ മൂന്ന് ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്.
അതേസമയം, തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ഇനിയൊരു സഖ്യത്തിനില്ലെന്നുറപ്പിച്ച് പരസ്പരം മത്സരിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും. രാഹുലിന്റെ അയോഗ്യത പാര്‍ട്ടിക്ക് മുന്നില്‍ നീറുന്ന പ്രശ്‌നമായി നിലനില്‍ക്കേ, കര്‍ണാടക വീണ്ടെടുക്കുകയെന്നത് കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നവുമാണ്. ബിജെപിക്ക് തക്ക മറുപടി കൊടുക്കാന്‍ കര്‍ണാടകയിലെ ജയം ഉറപ്പാക്കാനാണ് ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് നേതൃത്വത്തിന് കൊടുത്തിരിക്കുന്ന കര്‍ശനനിര്‍ദേശം.




