Section

malabari-logo-mobile

മോദിക്ക് സ്തുതിപാടി അബ്ദുള്ളക്കുട്ടി: ലക്ഷ്യം മഞ്ചേശ്വരത്ത് എന്‍ഡിഎ സീറ്റോ?

HIGHLIGHTS : കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോദിയെ

കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോദിയെ മാഹാത്മാഗാന്ധിയോടെ ഉപമിച്ചതിന് പിന്നില്‍ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ആണെന്നാണ് അബ്ദുള്ളക്കുട്ടിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇനിയും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ തന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞു പോകുമെന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ ഈ കളം മാറ്റിച്ചവിട്ടലിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.

വികസനമുദ്രാവാക്യത്തിന്റെ മറവില്‍ എന്‍ഡിഎയിലേക്ക് ചുവടുമാറ്റം നടത്താനുള്ള ചര്‍ച്ചകള്‍ അബ്ദുള്ളക്കുട്ടി ബിജെപിയുമായി നടത്തിക്കഴിഞ്ഞെന്നാണ് സൂചന. സംവിധായകന്‍ അലി അക്ബറിന് നല്‍കിയപോലെ സംസ്ഥാന തലത്തില്‍ തന്നെ സംഘടനതലത്തില്‍ ഒരു ഉന്നതസ്ഥാനം അബ്ദുല്ലക്കുട്ടിക്ക് വാഗ്ദാനം ചെയ്തതായാണ് സൂചന.

sameeksha-malabarinews

ഇതിന്റെ തുടര്‍ച്ചയായാണ് മോദി ഭക്തിതുളുമ്പുന്ന നിലപാടുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷത്ത് നിന്നും ഇത്തരമൊരാളെ ബിജെപിക്ക് ആവിശ്യമാണ് താനും. മോദിയുടെ വികസനകാഴ്ചപ്പാടുകളെ പ്രകീര്‍ത്തിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി നേരത്തേയും രംഗത്തെത്തിയിരുന്നു.

വരുന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവിശ്യമാണ് അബ്ദുല്ലക്കുട്ടി മുന്നോട്ട് വെച്ചിരിക്കുന്നത്. അല്ലെങ്ങില്‍ രാജ്യസഭാ അംഗത്വം വേണം. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്ങില്‍ ബിജെപി വോട്ടുകള്‍ക്ക് പുറമെ ന്യൂനപക്ഷവോട്ടുകളും സമാഹരിക്കാന്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്ന് ബിജെപിയിലെ ചില നേതാക്കള്‍ കരുതുന്നുണ്ട്. ഇവര്‍ ഇക്കാര്യം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്യാമെന്ന് അബ്ദുല്ലക്കുട്ടിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ്സിന്റെയും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെയും ഉറപ്പ് ലഭിക്കുകയാണെങ്ങില്‍ വളരെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാഷ്ട്രീയ ചുവടമാറ്റത്തിന് കേരളത്തില്‍ കളമൊരുങ്ങും.

കുറച്ച് കാലമായി തനിക്ക് അര്‍ഹമായ പരിഗണന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതി അബ്ദുല്ലക്കുട്ടിക്കുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരോ, കാസര്‍കോടോ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്നും അദ്ദേഹം കരുതിയിരുന്നു. ഇത് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് അബ്ദുല്ലക്കുട്ടി കടുത്ത നീരസത്തിലായിരുന്നു. പുറത്തുനിന്നു വന്ന രാജ്‌മോഹന്‍ ഉണ്ണത്താന് സീറ്റ് നല്‍കിയതും ജയിച്ചതും ഇദ്ദേഹത്തെ പ്രകോപിതനാക്കി.

വികസനപദ്ധതികളാണ് മോദിക്ക് വന്‍വിജയം സമ്മാനിച്ചതെന്നും മോദിയുടെ പ്രവര്‍ത്തനശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ടൈന്നുമാണ് അബ്ദുല്ലക്കുട്ടി ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. രാജ്യത്തെ രാഷ്ട്രീയം മാറുകയാണെന്നും, മോദിയെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ത്യം മനസിലാക്കണമെന്നും അദ്ദേഹം തന്റെ കുറുപ്പില്‍ പറഞ്ഞവസാനിപ്പിക്കുന്നുണ്ട്.
2008ല്‍ പാര്‍ലിമെന്റ് അംഗമായിരിക്കെ ഗുജറാത്തിനെ വികസന മാതൃകസംസ്ഥാനമായി ഒരു സെമിനാറില്‍ അവതരിപ്പിച്ചതോടെയാണ് സിപിഎമ്മില്‍ നിന്നും അബ്ദുല്ലക്കുട്ടിയുടെ പുറത്തേക്കുള്ള വഴിതുറന്നത്. സിപിഎം ഈ പ്രസ്താവനയില്‍ വിശദീകരണം ആവിശ്യപ്പെടുകയും അബ്ദുല്ലക്കുട്ടി തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ അദ്ദേഹത്തെ പുറത്താക്കുകയുമായിരുന്നു.

അന്ന് അബ്ദുല്ലക്കുട്ടിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച യുഡിഎഫ് സിപിഎമ്മില്‍ ന്യൂനപക്ഷ മതവിശ്വാസികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നതിന് തെളിവാണ് അബ്ദുള്ളക്കുട്ടിയുടെ പുറത്താക്കല്‍ എന്ന തരത്തിലുള്ള പ്രചരണമാണ് നടത്തിയത്. അക്കാലത്ത് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദൈവവിശ്വാസിയെന്ന നിലയില്‍ ആരാധനാലയങ്ങളില്‍ പോകാന്‍ അബ്ദുല്ലക്കുട്ടിയെ അനുവദിച്ചിരുന്നില്ലെന്ന് ന്യൂനപക്ഷകേന്ദ്രങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!