Section

malabari-logo-mobile

തിരൂരില്‍ പെന്‍ഷന്റെ പേരില്‍ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍

HIGHLIGHTS : In Tirur, a youth was arrested for cheating women and stealing gold jewelery in the name of pension

തിരൂര്‍:പ്രായമായ സ്ത്രീകളെ സമീപിച്ച് പെന്‍ഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫ്(42)നെയാണ് തിരൂര്‍ സ്വദേശിനിയെ പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് മൂന്നര പവന്‍ സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയ കേസില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

കഴിഞ്ഞയാഴ്ചയിലാണ് ഇയാള്‍ തിരൂരില്‍ വെച്ച് പെന്‍ഷന്‍ ശരിയാക്കിത്തരാമെന്നു പറഞ്ഞ് മധ്യവയസ്‌കയായ സ്ത്രീയെ സമീപിച്ച് പ്രീമിയം അടയ്ക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ ചാവക്കാടുള്ള വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയില്‍ നിന്നും ഉരുക്കിയ നിലയില്‍ കണ്ടെടുത്തി.

sameeksha-malabarinews

തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ള പ്രതി കഴിഞ്ഞവര്‍ഷം സമാനമായ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. നിലവില്‍ ഇത്തരത്തിലുള്ള പല കേസുകള്‍ കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും പോലീസ് പറഞ്ഞു.

തിരൂര്‍ ഡി.വൈ.എസ്.പി ബെന്നി, സി.ഐ ജിജോ എം.ജെ, എസ്.ഐ ജലീല്‍ കറുത്തേടത്ത്,ASI പ്രതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത് കെ.കെ, രാജേഷ് കെ.ആര്‍ ,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്‍ വേട്ടാത്ത് , അരുണ്‍ .സി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കോഴിക്കോട് ജില്ലയിലെ നല്ലളം പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ പരാതിയില്‍ കേസടുത്തു പ്രതിയെ അന്വേഷിച്ച് വരവെയാണ് തിരൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.മറ്റു പല സ്ഥലങ്ങളിലും ഇയാള്‍ സമാന രീതിയില്‍ സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!