Section

malabari-logo-mobile

ട്രെയിന്‍ യാത്രയ്ക്കിടെ പുറത്തേക്ക് തെറിച്ചുപോയ ഫോണ്‍ തിരയുന്നതിനിടെ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു

HIGHLIGHTS : A young man died after being hit by a train while searching for a phone that had fallen out during a train journey

തൃശൂര്‍: യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയില്‍പാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു. കാസര്‍കോട് ചെര്‍ക്കള തായല്‍ ഹൗസില്‍ അബ്ദുള്‍ബാസിത് (21) ആണ് മരിച്ചത്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം.

ട്രെയിനിടിച്ച് തെറിച്ചുവീണ ബാസിതിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ചെന്നൈ എഗ്ലൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ തട്ടിയത്. പിന്നില്‍നിന്നും ട്രെയിന്‍ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവര്‍ നടുവിലെ പാളത്തിലേക്ക് മാറി. എന്നാല്‍ ബാസിത് മാറുന്നതിന് മുമ്പേ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനെത്തിയതായിരുന്നു ഇവര്‍. സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റുമാണ് മരിച്ച അബ്ദുള്‍ബാസിത്.

കളി കണ്ട ശേഷം ശനിയാഴ്ച രാത്രി 12.30-ന് മംഗലാപുരം അന്ത്യോദയ ട്രെയിനിനാണ് സംഘം കൊച്ചിയില്‍ നിന്നും കാസര്‍കോട്ടേക്ക് തിരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ ചാലക്കുടി കഴിഞ്ഞപ്പോള്‍ ആബിതിന്റെ ഫോണ്‍ കയ്യില്‍ നിന്നും വഴുതി താഴെ വീണു. സ്ഥലത്തിന്റെ ഫോട്ടോ എടുത്ത ശേഷം തൃശൂരിലിറങ്ങി റെയില്‍വേ ട്രാക്കിലൂടെ ഫോണ്‍ കണ്ടെടുക്കാനായി വരികയായിരുന്നു സംഘം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!