Section

malabari-logo-mobile

സംസ്ഥാനത്ത് മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപീകരിക്കും; കര്‍ഷകരുടെ വരുമാന വര്‍ധനയും കാര്‍ഷികോത്പാദന ക്ഷമതയും ഉറപ്പാക്കല്‍ ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ്

HIGHLIGHTS : A Value Added Agriculture Mission will be formed in the state

കര്‍ഷകരുടെ വരുമാന വര്‍ധനയും കാര്‍ഷികോത്പാദനക്ഷമയയും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൃഷി ഉത്പന്നങ്ങള്‍ അടിസ്ഥാനമാക്കി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കല്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും തദ്ദേശീയമായും ദേശീയമായും അന്തര്‍ദേശീയമായും വിപണന ശൃംഘല വികസിപ്പിച്ചെടുക്കല്‍ തുടങ്ങിയവയ്ക്കായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപീകരിക്കുന്നതെന്നു കൃഷി മന്ത്രി പി. പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങള്‍, നിലവിലുള്ള അവസരങ്ങള്‍, വിടവുകള്‍, നയം, വിപണി, സങ്കേതിക വശങ്ങള്‍, എന്നിവ പരിഗണിച്ച് പ്രത്യേകം ഇടപെടേണ്ട മേഖലകള്‍ കണ്ടെത്തി മൂല്യവര്‍ദ്ധിത കൃഷി പ്രത്സാഹിപ്പിക്കുകയാണു മിഷന്റെ പ്രവര്‍ത്തനരീതിയെന്നു മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കും. കാര്‍ഷിക വ്യവസായം, സാങ്കേതികവിദ്യ, വിജ്ഞാന ശേഖരണം, അവയുടെ ഉപയോഗം, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിലൂന്നിയാകും വര്‍ക്കിങ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുക.

sameeksha-malabarinews

സമാഹരണ പ്രവര്‍ത്തനങ്ങള്‍, സ്റ്റാന്‍ഡഡൈസേഷന്‍, ഗുണനിലവാര നിയന്ത്രണം, ബ്രാന്‍ഡിംഗ്, ലേബലിങ്, എന്നിവ ഉറപ്പുവരുത്തി ആഭ്യന്തര വിദേശ വിപണിക്കു വേണ്ടിയുള്ള മികച്ച ആസൂത്രണം, വിഞ്ജാനപ്രധാനമായ സാങ്കേതിക വിദ്യകളുടെ വിന്യാസം, ട്രേസബിലിറ്റി, മെക്കാനിസത്തിന്റെ വികസനം, IOT, ബ്ലോക്ക് ചെയിന്‍ എന്നിവ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ക്രോപ്പ് ഇന്‍ഷുറന്‍സ്, അനുയോജ്യമായ യന്ത്രങ്ങളുടെ പ്രചാരണം, നൂതന യന്ത്രവത്കരണം, ബഹിരാകാശ അധിഷ്ടിത സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയവയാണ് മിഷന്റെ പ്രധാന ശ്രദ്ധാ മേഖലകള്‍.

ദ്രുത ഗതിയിലുള്ള വിജ്ഞാന വ്യാപനം, പ്രശ്‌ന പരിഹാരം, എന്നിവ ഉറപ്പാക്കുന്ന നൂതന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോമണ്‍ നോളജ് പ്ലാറ്റ്‌ഫോം ഇതിന്റെ ഭാഗമായി രൂപപ്പെടുത്തും. വിപണന, മൂല്യവര്‍ദ്ധിത മേഖലകളിലെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും (കൃഷി, വ്യവസായം, തദ്ദേശസ്വയംഭരണം, തുടങ്ങിയ വകുപ്പുകളുടെ) പദ്ധതികള്‍, KIIFB, KERA, RKI, RIDF, തുടങ്ങിയ പദ്ധതികള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തും.

വ്യവസായ വകുപ്പിന്റെയും, നോര്‍ക്കയുടെയും സഹായത്തോടെ കേരളത്തെ ഗള്‍ഫിന്റെ അടുക്കളയായും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റായും വിഭാവനം ചെയ്ത് കേരളത്തിന്റെ തനത് ആഹാരങ്ങള്‍ അന്തര്‍ദേശീയ അടിസ്ഥാനത്തില്‍ ബ്രാന്‍ഡ് ചെയ്ത് വിപണനം ചെയ്യാന്‍ മിഷന്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി, വ്യവസായ മന്ത്രിമാര്‍ ഉപാധ്യക്ഷന്മാരായും, ധനകാര്യ, തദ്ദേശ സ്വയംഭരണ, സഹകരണ, ജലവിഭവ, മൃഗ സംരക്ഷണ, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളുമായുള്ള ഗവേണിംഗ് ബോഡിയും, ഓരോ മേഖലയ്ക്കായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായുള്ള വിദഗ്ധ സംഘങ്ങളുടെ വര്‍ക്കിംഗ് ഗ്രൂപ്പുകളും വിഭാവനം ചെയ്തിട്ടുണ്ട്. മിഷന് സംസ്ഥാന തലത്തില്‍ കോ-ഓര്‍ഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഉണ്ടാകും.

കാര്‍ഷിക മേഖല നിലനില്‍ക്കണമെങ്കില്‍ കര്‍ഷകര്‍ക്ക് ഉറപ്പായ വരുമാനം ലഭ്യമാകണമെന്നു മന്ത്രി ചൂണ്ടികാട്ടി. കാര്‍ഷിക വിപണന മേഖലയിലും മൂല്യവര്‍ദ്ധിത മേഖലയിലും കൂടുതല്‍ ഇടപെടല്‍ ആവശ്യമുണ്ട്. കൃഷിക്കൂട്ടങ്ങളുടെ വരവോടെ വിപണന മേഖലയിലും മൂല്യവര്‍ദ്ധന മേഖലയിലും കൂടുതല്‍ കര്‍ഷകരുടെ പങ്കാളിത്തമുണ്ടാകുമെന്നാണു പ്രതീക്ഷ. ഉത്പന്നങ്ങള്‍ക്ക് വില ഉറപ്പാക്കാന്‍ സംഭരണവും അടിസ്ഥാന വിലയും സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെങ്കിലും സംഭരിക്കുന്ന ഉത്പന്നങ്ങള്‍ യഥാവിഥി പ്രയോജനപ്പെടുത്തുവാന്‍ സാധ്യമാകാത്തതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നു. മൂല്യവര്‍ദ്ധിതകൃഷി മിഷന്‍ (VAAM) യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള 25000 ത്തിലധികം കൃഷിക്കൂട്ടങ്ങള്‍ ഉണ്ടായി കഴിഞ്ഞു. ഇവയുടെ 80 ശതമാനം ഉത്പാദന മേഖലയിലാണ്. 20 ശതമാനം മൂല്യവര്‍ദ്ധന മേഖലയിലാണ്. മൂല്യവര്‍ദ്ധിത കൃഷിമിഷന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഇവിടെയാണ് ഉണ്ടാകുക. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ അടിസ്ഥാനമാക്കിയ കൃഷിയിലേക്കായിരിക്കും ഉത്പാദന മേഖലയിലുള്ള ”കൃഷിക്കൂട്ടങ്ങള്‍” പ്രഥമ പരിഗണന നല്‍കുക. മൂല്യവര്‍ദ്ധിത മേഖലയിലുള്ള കൃഷിക്കൂട്ടങ്ങള്‍ക്ക് പ്രാദേശികമായ പിന്തുണ ഇക്കാര്യത്തില്‍ നല്‍കും. ഗുണനിലവാരമുള്ളതും ആരോഗ്യ പൂര്‍ണ്ണവുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇതുവഴി ഉണ്ടാക്കുവാന്‍ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോക്, ഡയറക്ടര്‍ ടി.യു സുഭാഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!