Section

malabari-logo-mobile

ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കർ അധിവസിക്കുന്ന കൊടുംകാട്ടിനുള്ളിലെ അച്ചനളയിലേക്ക് ഒരു യാത്ര……

HIGHLIGHTS : A trip to Achanala in the jungle, home to Asia's only cave dwellers, the Cholanayakars

എഴുത്ത് ;ബിജു പി അബ്രഹാം

 

നിലമ്പൂർ ട്രൈബൽ ഹെൽത്ത് സെന്ററിലെ ഡോ. മോനിഷ് , വാണിയമ്പലം PHC യിലെ ഡോ. റഹ്മാൻ എന്നിവരുടെ നേതൃത്തിലുള്ള ആരോഗ്യ പ്രവർത്തകരും ജനമൈത്രി എക്സൈസിൽ നിന്ന് ഞാനും സുഭാഷ്, ഷീന , നിഥിൻ ,ഫോറസ്റ്റ് ടീം എന്നിവരങ്ങുന്ന സംഘമാണ് നിലമ്പൂർ TK കോളനിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ കൊടുംവനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അച്ചനളയിലേക്ക്  പുലർച്ചെ യാത്ര തിരിച്ചത്.

sameeksha-malabarinews

ചെറിയ കാട്ടു വഴിയിലൂടെയുള്ള ദുർഘടമായ കുത്തനെയുള്ള കയറ്റവും ദുഷ്കരമായ ഇറക്കവും ആണ് അച്ചനള യാത്ര ഇത്രയേറെ ബുദ്ധിമുട്ടേറിയതാക്കുന്നത്.
കൂടാതെ ആന,കരടി, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളുടെ വിഹാരരംഗം കൂടിയാണ് സൈലൻ്റ് വാലിയുടെ ഒരു ഭാഗമായ ഈ വനം .

നിലമ്പൂർ വനത്തിനുള്ളിൽ 14സെറ്റിൽമെൻ്റുകളിലായിട്ടാണ് ചോലനായ്ക്കർ അധിവസിക്കുന്നത്. അതിൽ പ്രധാനമായിട്ടുള്ളത് മാഞ്ചിരി വനമേഖലയാണ്. എന്നാൽ മാഞ്ചിരി , കുപ്പുമല എന്നിവടങ്ങളിലടക്കമുള്ള  ചോലനായ്ക്കർ എല്ലാം ഒരു പരിധി വരെ  ഇപ്പോൾ പുറം ലോകവുമായി ബന്ധമുള്ളവരാണ്. കാരണം എല്ലാ ബുധനാഴ്ച്ചയും ഭക്ഷണവും, റേഷനരിയും, മരുന്നും മറ്റു ഭക്ഷ്യവസ്തുക്കളും 15 കിലോമീറ്റർ അകലെ യുള്ള കരുളായിൽ നിന്നും ഉൾവനത്തിലെ  മാഞ്ചിരിയിലെത്തിച്ച് വിതരണം ചെയ്യുകയും ആരോഗ്യ പ്രവർത്തകരടക്കമുള്ള വിവിധ ഡിപ്പാർട്ട്മെൻ്റുകൾ അവിടെ സന്ദർശനം നടത്തി വരികയും ചെയ്യുന്നു.
കരുളായിൽ നിന്നും കാടിനുള്ളിലൂടെ  മാഞ്ചിരി വരെ ഗതാഗത സൗകര്യവും ഉണ്ട്.

എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി അച്ചനളയിലേക്ക് കാൽ നടയായി മാത്രമേ എത്തിച്ചേരാൻ സാധിക്കു. വഴിനീളെ ആനകൾ കളിച്ചു  തിമിർത്ത  കാട്ടുവഴിയിലെ കുത്തനെയുള്ള  കയറ്റം കയറുമ്പോൾ തോൾസഞ്ചിയിലെ ചെറിയ വെള്ളക്കുപ്പി പോലും വലിയ ഭാരമായി തോന്നാം.

ഈ വഴിയിലൂടെയാണ് അച്ചനളക്കാർ മുളയും ചൂരലും കൊണ്ട് മെടഞ്ഞ പുറത്ത് തൂക്കുന്ന വലിയ കുട്ടയിൽ വന വിഭവങ്ങൾ ശേഖരിച്ച്  തേൾപാറ അങ്ങാടിയിൽ വിൽപന നടത്തി 35 കിലോ റേഷനരിയും മറ്റു ഭക്ഷ്യ സാധനങ്ങളും ശേഖരിച്ച് തിരികെ മലകയറുന്നത് എന്ന് അവശ്വസനീയമായി തോന്നാം.

നിശബ്ദമായ കാടിൻ്റെ രൗദ്രതയും , ഭീകരതയും വനഭംഗിയും ആസ്വദിച്ച് ചെങ്കുത്തായ ഗർത്തങ്ങളെ കടന്ന്   മുന്നോട്ട് നീങ്ങുമ്പോൾ മനസ്സിൽ ചിന്തിച്ചത് പലരും പല പ്രാവശ്യം ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. “ഇവരെന്തിനാണിത്ര ദൂരെ ഉൾക്കാട്ടിൽ പോയി താമസിക്കുന്നതെന്ന് ”

ലേഖകന്‍  മൂപ്പനൊപ്പം
മൂന്നര മണിക്കൂർ തുടർച്ചയായ വനയാത്രയുടെ ഒടുക്കം തുറസ്സായ ഒരു  ചെറിയ കുന്നിൻ മുകളിൽ ഒരു കുടിൽ കാണപ്പെട്ടു.
പ്ലാസ്റ്റിക് ഷീറ്റും കാട്ടു കമ്പും കൊണ്ട് നിർമിച്ച കുടിലുള്ളിൽ ആരെയും കാണുന്നില്ല. വേനൽക്കാലമായതിനാൽ എല്ലാവരും കുടുംബസമേതം പുഴയിൽ  ആയിരിക്കും എന്ന് വഴി കാട്ടിയായ പാട്ടകരിമ്പ് മൂപ്പനും വനം വകുപ്പ് താൽക്കാലിക വാച്ചറുമായ ഗോപാലേട്ടൻ പറഞ്ഞു.

തൊട്ടപ്പുറം മറ്റൊരു ചെറിയ കുന്നിൻ മുകളിൻ്റെ താഴ്‌വാവാരത്തിൽ  നിന്നും ഒരു നായ് കുരയ്ക്കുന്നു. നോക്കിയപ്പോൾ നായയോടൊപ്പം ദീർഘകായനായ ഒരു വൃദ്ധനും
അതാണ് അച്ചനള മൂപ്പനായ  “കൊല്ലൻ . ” ഗോപാലേട്ടൻ പറഞ്ഞു.

ഒരു കാട്ടുമൂപ്പൻ്റെ എല്ലാവിധ ഗാഭീര്യവും നിറഞ്ഞുനിന്ന പ്രായമേറിയ അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു സന്തോഷം’ തോന്നി. തൊട്ടപ്പുറത്തെ ചെറിയ കുന്നിൻ മുകളിൽ ഉണങ്ങിയ മരച്ചില്ലകൾ കൊണ്ട് മറച്ച മൂപ്പൻ്റെ കൂര. അതിനുള്ളിലെ ഇരുട്ടിൽ  ഒരു സ്ത്രീ ചിരിച്ചു കൊണ്ടിരിക്കുന്നു. അതാരാണ് എന്ന് മൂപ്പനോട്  ചോദിച്ചതിൽ “എൻ്റെ കുട്ടിയാണ് തലയ്ക്ക് സുഖമില്ലാത്ത കുട്ടിയാണ് “എന്ന് മൂപ്പൻ നല്ല മലയാളത്തിൽ മറുപടി പറഞ്ഞു. മുൻപൊക്കെ പുറം കാട്ടിലേക്ക് മൂപ്പൻ സ്ഥിരമായി വന്നിരുന്നതിനാലാണ് മലയാളം ഇത്ര നന്നായി സംസാരിക്കുന്നതെന്ന് ഗോപാലേട്ടൻ പറഞ്ഞു.

മൂപ്പനെ മോനിഷ് ഡോക്ടർ പരിശോധിച്ച് ഷുഗറും പ്രഷറും നോക്കുന്നതിനിടയിൽ മൂപ്പൻ പറയുന്നുണ്ടായിരിന്നു. ‘ൻ്റെ സുഖോല്ലാത്ത കുട്ടീ നെ നോക്കണം  മരുന്ന് കൊടുക്കണം “എന്ന് ‘

മൂപ്പൻ്റെ ഭാര്യ നേരത്തേ മരിച്ചു പോയി എന്നും പിന്നീട് മൂപ്പനും മൂപ്പൻ്റെ അനിയനായ മാതനും ആണ്  ബുദ്ധിമാന്ദ്യമുള്ള ഈ പെൺകുട്ടിയെ മാറി മാറി നോക്കി വരുന്നത് എന്നും ഗോപാലേട്ടൻ പറഞ്ഞു തന്നു.
മൂപ്പനും അനിയൻ മാതനും പിന്നീട് കല്യാണം കഴിച്ചില്ല. ആരെങ്കിലും ഒരാൾ മ എപ്പോഴും മകൾക്ക് കാവലുണ്ടാവും. മൂപ്പനിപ്പോൾ 80 വയസ്സിലേറെയായിട്ടുണ്ടാകും  മകൾക്ക് 40 വയസ്സിനു മുകളിലും  ഉണ്ടാകും .
മൂപ്പനെയും മകളെയും പരിശോധിച്ച് കഴിഞ്ഞ് മരുന്നും നൽകി കൂടെ വന്നവരെല്ലാം താഴേക്കിറങ്ങിയപ്പോൾ മൂപ്പനോട് കൂടുതൽ വിശേഷങ്ങൾ തിരക്കി. പ്രായമായതിനാൽ അധികം നടക്കാൻ വയ്യ . മൂപ്പൻ കാൽ ഉയർത്തി  കാണിച്ചു തന്നു. കാലിൻ്റെ മുട്ടിനു മുകളിൽ വലിയൊരു മുറിപ്പാട്. അതെന്താണെന്ന് ചോദിച്ചതിൽ കരടി കടിച്ചതാണത്രെ.
ഇപ്പോൾ വലിയ ദൂരം സഞ്ചരിക്കാൻ കഴിയില്ല. അരിയും മറ്റും പുറത്തുപോയി വരുന്ന പെങ്ങളുടെ മക്കൾ ആരെങ്കിലും  എത്തിച്ചു തരും.

കരടിയുടെ കടിയെപ്പറ്റി ചോദിച്ചപ്പോൾ കാലിൽ കടിച്ച കരടിയെ കഴുത്തിന് പിടിച്ച് താഴേക്ക് ചവിട്ടി ഇട്ട് ഓടിയത്രെ. അത് നല്ല  ആരോഗ്യമുള്ള കാലത്താണെന്നും മൂപ്പൻ ചിരിച്ചു കൊണ്ട് പറഞ്ഞു താഴേക്ക് എവിടെയെങ്കിലും ഇറങ്ങി നാട്ടിൽ താസിച്ചു കൂടേ എന്ന് ചോദിച്ചതിൽ മൂപ്പൻ ചിരിച്ച് നിഷേധഭാവത്തിൽ തലയാട്ടി
എല്ലാവരും താഴേക്ക് നടന്നു മറഞ്ഞതിനാൽ കയ്യിലുണ്ടായിരുന്ന കുറച്ച് പൈസ മൂപ്പനെ ഏൽപിച്ചപ്പോൾ അദ്ദേഹം നിറഞ്ഞ് ചിരിച്ച് കവിളിൽ വാൽസല്യത്തോടെ പിടിച്ചു.
സ്വന്തം മക്കളെ പോലും കൊന്ന് കളഞ്ഞ് സുഖം തേടി പോകുന്നവരുടെ കാലത്ത് ബുദ്ധിമാന്ദ്യമുള്ള ഒരു പെൺകുട്ടിയെ 40 വർഷത്തിലധികമായി നോക്കി കാടിനു നടുക്ക് കാവലിരിക്കുന്ന ആ പാവം വൃദ്ധനെ ഓർത്ത് തിരികെ നടക്കുമ്പോൾ മനസ്സിലെ വിടെയോ ഒരു വിങ്ങൽ.

കൂടെയുണ്ടായിരുന്നവർ പോയ വഴിയേ തിരികെ ഓടി. ഇതുവരെ വലിയ കയറ്റം ആയിരുന്നെങ്കിൽ ഇനി ദുഷ്കരമായ ഇറക്കമാണ് കാട്ടു ചെടികൾക്കിടയിയുടെയും കാട്ടുചോലകൾക്കിടയിലൂടെയും  അരമണിക്കൂറിലധികം കുത്തനെ  താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ  വീണ്ടും പട്ടികളുടെ കുര കേൾക്കുന്നു.

 ‘ഗോപാലേട്ടൻ മുന്നിൽ നിന്നും മുന്നറിയിപ്പ് തന്നു.
ഞാൻ വിളിച്ചിട്ട് വന്നാൽ മതി നായകളുണ്ട്. ദൂരെയെവിടെ നിന്നോ  ശുദ്ധജലമെത്തിക്കുന്ന ഈറ്റ പൈപ്പുകൾ സ്ഥാപിച്ച പാറകൾ മറിക്കടന്ന് കയറിച്ചെല്ലുമ്പോൾ കുറ്റൻ പാറക്കൂട്ടങ്ങൾക്കിടയിലെ അരുവിയിൽ  മൂന്നു നാലു നായ്ക്കളും മഞ്ഞ ചുരിദാരിട്ട  ഒരു പെൺകുട്ടിയും
ഒരിരുപത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ‘പെൺകുട്ടിയെ കണ്ടാൽ ആ കൊടും കാടിനുള്ളിൽ അങ്ങനെയൊരു സുന്ദരിയോ എന്നാശ്ചര്യപ്പെടും.
പാറക്കെട്ടുകൾക്കിടയിലായി ത്രികോണാകൃതിയിൽ കാട്ടു കമ്പുകളും മറ്റും കൊണ്ട് മറച്ച ചെറിയ രണ്ട് കുടിലുകൾ’
സൂക്ഷിച്ചു നോക്കിയപ്പോൾ അതിലൊന്നിൽ ഒരു പെൺകുട്ടി ഇരിക്കുന്നു അതിൻ്റെ മടിയിൽ ഒരു ചെറിയ കുട്ടിയും  ‘പെൺകുട്ടിയെ പോലെ തോന്നിച്ച 4 വയസ്സു പ്രായം വരുന്ന ഒരു കുട്ടി ഞങ്ങൾ അടുത്തെത്തിയപ്പോൾ പുറകിലെ വലിയ പാറപുറത്ത് കയറി മറഞ്ഞു.
മഞ്ഞ ചുരിദാറിട്ട പെൺകുട്ടിയോട് വിശേഷങ്ങൾ ചോദിച്ചതിൽ അവൾ ചിരിക്കുക മാത്രം ചെയ്തു അപ്പോഴാണ് ഗോപാലേട്ടൻ പറയുന്നത് അവർക്ക് ഗോത്ര ഭാക്ഷ മാത്രമേ വശമുള്ളൂ. പിന്നീട് ഗോപാലേട്ടൻ അവരുടെ ഭാക്ഷയിൽ ചോദിച്ച് ഞങ്ങൾക്ക് പരിഭാക്ഷ പ്പെടുത്തിത്തന്നു. പെൺകുട്ടിയുടെ പേര് ലക്ഷ്മി. ചെറിയ കുട്ടിയുള്ളത് മാതി
മാതി ഗർഭിണിയായിരിക്കുന്ന സമയം മെഡിക്കൽ ടീം അവരോട് ഹോസ്പിറ്റലിൽ വരണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ മാതി വന്നില്ല കാട്ടിൽ തന്നെ സുഖപ്രസവം പെൺകുഞ്ഞ്
ഒരു മാസത്തോടടുക്കുന്നു. അമ്മയെയും കുഞ്ഞിനെയും ഡോക്ടർമാർ പരിശോധിച്ചു .അമ്മയും കുഞ്ഞും ആരോഗ്യവതികൾ’
രണ്ട് പേരുടെയും സഹോദരൻമാരായ ഭർത്താക്കൻമാർ കാട്ടു വിഭവങ്ങൾക്കായി പോയിരിക്കുന്നു. പെൺകുട്ടിയെപ്പോലെ തോന്നിച്ച മാതിയുടെ മൂത്ത കുട്ടി ആൺകുട്ടിയാണ്. അവനും ജനനം കാട്ടിൽ തന്നെ ‘ അവന് PHC ക്കാർ ഇട്ട പേരാണ് ആദി ‘ അവനെക്കണ്ടപ്പോൾ ഏതോ ഗ്രീക്ക് സിനിമയിലെ സുന്ദര കഥാപാത്രത്തെപ്പോലെ തോന്നിച്ചു. കയ്യിലുണ്ടായിരുന്ന  പഴം കാണിച്ചു വിളിച്ചപ്പോൾ അവൻ സങ്കോചത്തോടെ  അടുത്തെത്തി.

പുറത്ത് നിന്നും ഇവർ അധികം വിവാഹം കഴിക്കാറില്ല രക്ത ബന്ധത്തിലുള്ള വരെ തന്നെ വിവാഹം കഴിക്കുന്നതിനാൽ മാനസികാസ്വാസ്ഥ്യം ഉള്ളവരും കൂട്ടത്തിൽ ഉണ്ട് എന്ന് ഡോക്ടർമാർ അവർക്ക് മരുന്ന് നൽകുന്നതിനിടയിൽ പറഞ്ഞു.
ഇനിയും ഇതു പോലെ പല കുടുംബങ്ങളും പുറം ലോകവുമായി ബന്ധമില്ലാതെ അളകളിലും ചോലകളിലും കഴിയുന്നണ്ടത്രെ .എന്നാൽ അവരെ തേടിപ്പിടിക്കുക സാധ്യമല്ല. ആനക്കാട്ടിലൂടെയുള്ള മടക്കയാത്ര വൈകും. അത് അപകടകരമാണ് ഗോപാലേട്ടൻ തിരികെ പോകാൻ തിടുക്കം കൂട്ടി. ഈ അമ്മയും കുഞ്ഞും ആയിരുന്നു മെഡിക്കൽ സംഘത്തിൻ്റെ പ്രധാന ലക്ഷ്യം. അവരെ കണ്ടെത്തി.

ഇവർ താമസിക്കുന്ന പറക്കെട്ടുകൾക്ക് താഴെ വലിയ കുളം പോലെ ഒരു നീരൊഴുക്കുള്ള കയം’ കണ്ണീർ പോലത്തെ തെളിഞ്ഞ വെള്ളം’ ഒന്നു മുങ്ങി നിവർന്നാലോ എന്ന് എല്ലാവർക്കും ആഗ്രഹം. എല്ലാവരും ആസ്വദിച്ച് കുളിച്ചു. നല്ല തണുത്ത വെള്ളത്തിലെ കുളിയിൽ ക്ഷീണമെല്ലാം പമ്പകടന്നു. ഗോപാലേട്ടൻ വീണ്ടും തിരക്കുകൂട്ടി. വന്ന വഴിയെ മടങ്ങാൻ കഴിയില്ല വലിയ കയറ്റമാണ്.പുതിയ പരിചയക്കാരോട് യാത്ര പറഞ്ഞ് മടക്കം മടക്കയാത്രയയിൽ അച്ചനള കണ്ടു. വലിയ ഒരു പാറക്കെട്ടിനടിയിൽ വിശാലമായ എരിയ ‘ ഗോപാലേട്ടൻ പറഞ്ഞപോലെ തന്നെ അവിടെ ആരും ഇല്ല  എല്ലാവരും മറ്റേതോ പുഴയിൽ ആണ്. പോകുന്ന വഴിയിൽ മറ്റാരെയെങ്കിലും കണ്ടാലായി എന്ന് മറ്റൊരു വാച്ചർ പറഞ്ഞു. ഇത്രയും കഷ്ട്ടപ്പെട്ട് അച്ചനളയിലേക്ക് എത്തിയാലും വളരെ കുറച്ച് ആളുകളെ മാത്രമേ കാണാൻ കഴിയൂ എന്ന് ഗോപാലേട്ടൻ പറഞ്ഞത് ശരിയാണെന്നോർത്തു.

 കയ്യിലുണ്ടായിരുന്ന ഭക്ഷണം എല്ലാവരും പങ്കുവച്ച് കഴിച്ചു. മടക്കയാത്ര അതി കഠിനം. വഴിയില്ലാത്തതിനാൽ പലപ്പോഴും  പുഴയിലെ വലിയ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ചാടിയും മറിഞ്ഞും ഈറ്റക്കാടുകൾ വെട്ടിയൊരുക്കി വഴി തിരഞ്ഞും  സഞ്ചാരം .. കൂടെയുണ്ടായിരുന്ന ഷീനയടക്കുള്ള  സ്ത്രീകൾ പലരും വല്ലാതെ കഷ്ടപ്പെട്ടു.
പുഴയിലൂടെയുള്ള പാറക്കെട്ടുകൾ ചാടിക്കടന്നുള്ള  യാത്രയേക്കാൾ നല്ലത് പഴയ വഴി തന്നെയെന്ന് പലപ്പോഴും തോന്നിപ്പോയി.
മുൻപുണ്ടായിരുന്ന വഴി ഒക്കെ അടഞ്ഞു പോയി എന്നും സായ് വിള വഴി പാട്ടക്കരിമ്പിലേക്കാണ് എത്തേണ്ടത് എന്നും  ഗോപാലേട്ടൻ പറഞ്ഞു.

കുറേയധികം കാട്ടിലൂടെ കഷ്ടപ്പെട്ട് നടന്ന് പഴയ ഒരു കൂപ്പ് റോഡിലെത്തി വീണ്ടും നടത്തം.ഒന്നരമണിക്ക് തുടങ്ങിയ മടക്കയാത്ര സായ് വിള എത്തിയപ്പോൾ 5.45 ആയി. അവിടെയായിരുന്നു പണ്ട് പാട്ടക്കരിമ്പ്  ഊരിലെ  ആളുകൾ എല്ലാം താമസിച്ചിരുന്നത്. ഇപ്പോൾ അവരെല്ലാം താഴെയെത്തി. പാട്ടക്കരിമ്പിലെ ഊരു നിവാസികൾക്ക് അച്ചനള ഊരിലേക്ക് കാട്ടു വിഭവങ്ങൾ ശേഖരിക്കാൻ പ്രവേശനമില്ല. മാഞ്ചിരി ക്കാർക്കും അച്ചനളക്കാർക്കും കുപ്പുമലക്കാർക്കും പാട്ടക്കരിമ്പ് കാർക്കും എല്ലാം കാട്ടിൽ പ്രത്രേകം പ്രത്രേകം  ഏരിയകളുണ്ട്. അവിടേക്ക് അനുവാദമില്ലാതെ ആരും പരസ്പരം കടക്കില്ല അത് കാട്ടിലെ അലിഖിത നിയമം വീണ്ടും നടന്ന് കുറേയെറെ താഴെയെത്തിയപ്പോൾ ട്രൈബൽ PHC യുടെ ഫോർ വീൽ വണ്ടി എത്തിയിട്ടുണ്ട്. ഡ്രൈവർ വലിയ തണ്ണിമത്തനും വെള്ളക്കുപ്പികളും ഒക്കെയായി ദൈവദുതനെപ്പോലെ ഞങ്ങളെ കാത്തു നിൽക്കുന്നു.

വാഹനത്തിൽ മടങ്ങിയപ്പോഴും പല രാത്രികളിലും   കിടക്കയിൽ ഉറക്കം വരാതെ കിടക്കുമ്പോഴും  “കുട്ടിനെ നോക്കണം സാറെ “എന്ന മൂപ്പൻ്റെ സ്വരവും ” രാത്രിയിൽ കൊടും കാടിനുള്ളിൽ ആ പാറപ്പുറത്ത് കിടന്നുറങ്ങുന്ന അച്ചന ളക്കാരുടെ രൂപവുമായിരുന്നു മനസ്സിൽ…

(ലേഖകന്‍ നിലമ്പൂര്‍ ജനമൈത്രി എക്‌സൈസ് അസി.എക്‌സൈസ് ഇന്‍പെക്ടറാണ്)

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!