കോഴിക്കോട്: നവീകരണത്തിന് ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് പാലത്തിന്റെ മുകള്‍ ഭാഗത്തു തട്ടി ബസിനു കേടുപാട് സംഭവിച്ചു. ബസിന്റെ മുകളിലെ എ സി യുടെ ഭാഗങ്ങളും തകര്‍ന്നു. പാലത്തിലെ സിഗ്‌നല്‍ ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാലത്തില്‍ ബസ് കുടുങ്ങിയത്. ബസ് പിന്നീട് സ്ഥലത്തു നിന്നും നീക്കി. 1883 ലാണ് ബ്രിട്ടീഷുകാര്‍ 257 മീറ്റര്‍ നീളവും 4.75 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മ്മിച്ചത്. 2005ലാണ് അവസാനം അറ്റകുറ്റപ്പണി നടത്തിയത്.
ഫറോക്ക് പഴയപാലം മോടിപിടിപ്പിച്ച് ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്തിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ ഹൈറ്റ് ഗേജും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മതിയായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.



