Section

malabari-logo-mobile

പാട്ട കൊട്ടിയും ടോര്‍ച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല: മുഖ്യമന്ത്രി, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിനു തുടക്കം

HIGHLIGHTS : A science-conscious society can't be fostered by rent and torch: CM

ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഭേദചിന്താഗതികള്‍ക്കും വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തെ സംരക്ഷിക്കാനുള്ള സമരങ്ങള്‍ക്കും ബോധവത്കരണത്തിനും വേണ്ട അധികാരം ഭരണഘടന ഓരോ ഇന്ത്യന്‍ പൗരനും നല്‍കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നതാണ് യഥാര്‍ഥ രാജ്യസ്നേഹികള്‍ ചെയ്യേണ്ടത്. ശാസ്ത്രബുദ്ധി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണു ഭരണഘടനയുടെ 51-ാം വകുപ്പ് പറയുന്നത്. എന്നാല്‍ ആ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരില്‍ ചിലര്‍തന്നെ ശാസ്ത്രബുദ്ധി തകര്‍ക്കുന്ന യുക്തിരഹിതമായ പ്രസ്ഥാവനകള്‍ നടത്തുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് കേരളം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണു ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങള്‍ നിലവില്‍വരുത്തുക, അവയെല്ലാം പൊതുസമൂഹത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ വളര്‍ത്തുക എന്നിവയാണു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.

sameeksha-malabarinews

ശാസ്ത്ര വിദ്യാഭ്യാസത്തിനു ശാസ്ത്ര ബോധവത്കരണത്തിനും യുക്തസഹമായ ആശയവിനിമയത്തിനുമുള്ള അന്താരാഷ്ട്ര ഉത്സവമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള. കേരളം 36-ാം ശാസ്ത്ര കോണ്‍ഗ്രസിനു തയാറെടുക്കുന്ന ഘട്ടത്തിലാണു ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര ബോധവത്കരണ പരിപാടിയായ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് നടക്കുമോയെന്ന് അറിയാത്ത സാഹചര്യമാണ്. അതിന് അനുവാദം ലഭിച്ചിട്ടില്ല. ഇത്തരമൊരു പൊതു ദേശീയ സാഹചര്യത്തിലാണു ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രാവബോധം വളര്‍ത്തുന്നതിനുമായി കേരളം ഏറ്റെടുക്കുന്ന മുന്‍കൈകള്‍ പ്രസക്തമാകുന്നത്.

ശാസ്ത്രാവബോധവും വിമര്‍ശനാത്മക ഗവേഷണവും യുക്തിചിന്തയും സമൂഹത്തിലാകെ വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും അനിവാര്യമായി തീര്‍ന്നിരിക്കുന്ന സവിശേഷ ഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു മതേതര മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു. മതത്തിന്റേയും ജാതിയുടേയും സമുദായത്തിന്റേയും പ്രദേശത്തിന്റെയും ഭാഷയുടേയും സംസ്‌കാരത്തിന്റേയുമൊക്കെ പേരില്‍ നമ്മുടെ ഒരുമയേയും ഐക്യത്തേയും തകര്‍ക്കാനുള്ള ശ്രമം നടക്കുന്നു. ഇത്തരം നീക്കങ്ങള്‍ ശാസ്ത്രീയതയേയും ശാസ്ത്ര ചിന്തയേയും പിന്നോട്ടടിപ്പിക്കാനേ ഉപകരിക്കൂ. അതുകൊണ്ടുതന്നെ അത്തരം ബോധപൂര്‍വമായ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണം. ശാസ്ത്രബോധമുള്ളതും ശാസ്ത്രീയതയില്‍ അധിഷ്ഠിതമായതുമായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സ്ഥാപിതതാത്പര്യക്കാര്‍ക്കു പ്രയാസമാണ്. അതുകൊണ്ടാണു ചില അധികാര കേന്ദ്രങ്ങള്‍ ശാസ്ത്രം സമൂഹത്തില്‍ വേരോടാതിരിക്കാന്‍ ആകാവുന്നതെല്ലാം ചെയ്യുന്നത്. ഭേദചിന്താഗതികളും വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിജയിക്കാത്തതു നാം പണ്ടേതന്നെ ശാസ്ത്രബോധത്തില്‍ പ്രത്യേക ശ്രദ്ധവച്ചതുകൊണ്ടാണ്.

ഒരു സമൂഹമെന്ന നിലയില്‍ നാം ഒറ്റക്കെട്ടായിനിന്നു ശാസ്ത്ര വിരുദ്ധതയെ പരാജയപ്പെടുത്തുന്നു. അത് അവയ്ക്കു പിന്നിലുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇവിടെ വേരോടാത്തത് ഈ ശാസ്ത്ര അടിത്തറ ഇവിടെ ഉള്ളതുകൊണ്ടാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ അവബോധം വളര്‍ത്തുന്നതിനു പകരം അധികൃത തലങ്ങളില്‍പ്പോലും ശാസ്ത്രവിരുദ്ധമായ കാര്യങ്ങളാണു ചിലര്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇതിന്റെ നിരവധി ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. അധികാരസ്ഥാനത്തുള്ള ഒരു പ്രമുഖനാണു പരിണാമ സിദ്ധാന്തത്തിനെതിരേ പറഞ്ഞത്. ഭൂമി പരന്നതാണെന്നു മറ്റൊരാള്‍ പറഞ്ഞു. പണ്ടേ ഇവിടെ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നെന്നും ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന മൃഗമാണു പശുവെന്നുമൊക്കെ ചിലര്‍ പറയുകയുണ്ടായി. ഇങ്ങനെ, ശാസ്ത്രവിരുദ്ധമായ എന്തെല്ലാം അവകാശവാദങ്ങളാണ് ഉത്തരവാദപ്പെട്ടവര്‍തന്നെ ഉയര്‍ത്തിയത്. ആരാധനാലയങ്ങളല്ല വിദ്യാലയങ്ങളാണു വേണ്ടതെന്ന ഉദ്ബോധനമുയര്‍ന്ന രാജ്യമാണിത്. ശാസ്ത്രജ്ഞരല്ല മറിച്ച് ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന ആള്‍ദൈവങ്ങള്‍ ഇപ്പോള്‍ ആദരിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ശാസ്ത്രമല്ല, മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്നു ബോധപൂര്‍വും പ്രചരിപ്പിക്കപ്പെടുന്നു. ഇതിന്റെയെല്ലാം ആത്യന്തിക ഫലം സ്വാതന്ത്ര്യമല്ല, പാരതന്ത്ര്യമാണ്. ഈ സന്നഗ്ധ ഘട്ടത്തിലാണു ശാസ്ത്രാവബോധവും യുക്തിചിന്തയും വളര്‍ത്താന്‍ നാം പൊരുതേണ്ടത്.

ശാസ്ത്ര സാങ്കേതിക പുരോഗതിക്കനുസരിച്ചു സാങ്കേതികവിദ്യയെ വിവേകപൂര്‍വം സ്വാംശീകരിക്കുകയും യുക്തമായ രീതിയില്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയെന്നതാണു സംസ്ഥാന സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട്. നാടിന്റെ വികസനത്തിനു ശാസ്ത്ര സാങ്കേതികവിദ്യയെ ഇത്തരത്തില്‍ ഗുണപരമായി ഉപയോഗിക്കുന്നതിനൊപ്പം സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയെന്ന മഹത്തായ കര്‍ത്തവ്യംകൂടി നിര്‍വഹിക്കണം. ശാസ്ത്രാവബോധമുള്ള തലമുറ നാടിന്റെ സമ്പത്താണ്. അവര്‍ക്കു മാത്രമേ നാടിനെ പുരോഗതിയിലേക്കു നയിക്കാനാകൂ.

പാട്ട കൊട്ടിയും ടോര്‍ച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയില്ല. ഇത്തരം അബദ്ധജഡിലതകള്‍ രാജ്യത്താകെ ഉത്തരവാദപ്പെട്ടവര്‍ പ്രചരിപ്പിക്കുമ്പോള്‍ അവയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണവുമായി രംഗത്തുവരാനുള്ള സാമൂഹിക ഉത്തരവാദിത്തം ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ക്കുണ്ട്. അവര്‍ അത് ഏറ്റെടുക്കണം. ഭേദചിന്താഗതികള്‍ക്കും അനാചാരങ്ങള്‍ക്കും വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി പൊതുസമൂഹത്തിന്റെ മനസാക്ഷിയുണര്‍ത്താന്‍ അവര്‍ മുന്‍നിരയിലുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പൊതുസമൂഹത്തെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനരീതിക്കാകണം ശാസ്ത്ര സമൂഹം ഊന്നല്‍ നല്‍കേണ്ടത്. അതിനു ശാസ്ത്രത്തെ നിത്യജീവിതവുമായും രാഷ്ട്രീയവുമായും വികസനവുമായുമൊക്കെ ബന്ധപ്പെടുത്തി അവതരിപ്പിക്കാനുമാകണം. ശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകള്‍ സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിലല്ല, സമൂഹത്തിനുവേണ്ടിയാണ്. സമൂഹത്തിന് ഉതകാത്ത ശാസ്ത്രംകൊണ്ടു കാര്യമില്ല. സമൂഹത്തിന് ഉതകുന്നിടത്താണു ശാസ്ത്രത്തിന്റെ സാഫല്യം. അറിവിന്റെ സാര്‍വത്രിക വിതരണം അതിന് അനിവാര്യമാണ്. ജനകീയ കലകള്‍പോലെ സകല ജനങ്ങള്‍ക്കും പ്രാപ്യമാകുന്ന വിധത്തില്‍ ശാസ്ത്രത്തെ പ്രചരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കണം. ശാസ്ത്രത്തിന്റെ ജനകീയവത്കരണമാണ് ഈ കാലത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ കാലാനുസൃതമായി ഇടപെടുകയാണ്. കൊള്ളലാഭം കൊയ്യാനുള്ള ഉപാധികളാകരുത് ശാസ്ത്രവും സാങ്കേതികവിദ്യയും. മറിച്ച് നാടിന് ഉപകാരപ്പെടുന്നതാണം. മനുഷ്യദുരിതങ്ങള്‍ക്ക് അറുതിവരുത്താനും കൂടുതല്‍ സമസ്താധിഷ്ടിതമായ ലോകം കെട്ടിപ്പടുക്കാനും കഴിയണം. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍പോലുള്ള പ്രദര്‍ശനങ്ങള്‍ക്കുള്ള സ്ഥിരം വേദി ലൈഫ് സയന്‍സ് പാര്‍ക്കില്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. നാസയിലെ ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ഡോ. ആര്‍. ബിന്ദു, ജി.ആര്‍. അനില്‍, വീണാ ജോര്‍ജ്, എ.എ. റഹീം എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ബി. സുധീര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!