Section

malabari-logo-mobile

നിരത്ത്

HIGHLIGHTS : A poem written by Sanil Naduvath

സനില്‍ നടുവത്ത്
സനില്‍ നടുവത്ത്

കവിത; സനില്‍ നടുവത്ത്

 

ജനൽ പൊളി തുറന്നിരിക്കുക
ഇരുട്ടിൽ അപ്പുറത്തെ വെളിച്ചമല്ല
നിങ്ങൾ കാണുക.
നടന്നു പോകുന്ന
ആളുകളെ നോക്കുക
കോൺഗ്രസ്സുകാരേയും
കമ്യൂണിസ്റ്റുകാരേയും
മറ്റുള്ളവരേയും കാണാം.
പൊതുനിരത്തിലൂടെ
എത്ര പേർ നടന്നും മറ്റും സഞ്ചരിക്കുന്നു.
മലയാളികൾ
ബംഗാളികൾ
തമിഴർ
ആസ്സാമികൾ
അങ്ങനെ അങ്ങനെ നീണ്ടു പോവും ആ പട്ടിക.
അമ്പലത്തിലേക്കും
പള്ളിയിലേക്കും പോകുന്നവർ
ബസ്സ് സ്റ്റാൻ്റിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർ
വഴിയിൽ മൂത്രമൊഴിക്കുന്നവർ
കാർക്കിച്ചു തുപ്പുന്നവർ
തോളിൽ കൈയിട്ട്
ഫലിതം പറയുന്നവർ
പ്രണയിനികളേയും കാണാനാവും

sameeksha-malabarinews

നമ്മൾ നോക്കേണ്ടത് റോഡിലേക്കാണ്.
ഈ റോഡ്
ആരുടേതാണ്…
റോഡിന് മുകളിലൂടെ
പറക്കുന്ന പറവകൾ
പൂമ്പാറ്റകൾ
ചെറു പ്രാണികൾ
ചാഞ്ഞ് നിൽക്കുന്ന വളളിച്ചെടികൾ
പ്ലാവിൻ കൊമ്പുകൾ
തെങ്ങോലകൾ
മരച്ചില്ലകൾ വേറേയും

റോഡിലേക്ക് നോക്കൂ
നമുക്ക് ഇന്ത്യയെ കാണാം..
അംബേദ്കറെ കാണാം
ഗാന്ധിയെ കാണാം
മാർക്സിനെ കാണാം
ദൈവത്തെ കാണാം.

നോക്കുന്ന കണ്ണാണ് പ്രശ്നം
നിങ്ങളിത് കാണുന്നില്ലേ…
റോഡിൽ നിങ്ങൾ എന്താണ് കാണുന്നത്…
എത്രയെത്ര വാഹനങ്ങൾ
അതിലെത്രയെത്ര സഞ്ചാരികൾ
ഏതൊക്കെ നാട്ടുകാർ
എന്തെന്തു വസ്ത്രധാരികൾ
എന്തെന്തു വിശ്വാസികൾ

റോഡിൻ്റെ നിറമെന്താണ്
നിങ്ങളുടെ നിറമെന്താണ്
എത്ര പേർ ചേർന്ന് പണിതതാണ്
അവരാരൊക്കെയാണ്…
ഭാഷ, ജാതി, മതം, വിശ്വാസം, രാഷ്ട്രീയം….
നമ്മളറിയാറില്ല…
ആരുടെ റോഡിലൂടെയാണ്
നമ്മൾ സഞ്ചരിക്കുന്നത്…
നമ്മളറിയാറില്ല…

ജനലഴിക്കപ്പുറത്ത്
റെയിൽവേ സ്റ്റേഷനിലേക്ക് നീളുന്ന റോഡാണിത്…
റോട്ടിലേക്ക് നോക്കുമ്പോൾ
എനിക്ക് ഇന്ത്യയുടെ ഭൂപടം കാണാനാവുന്നു.
വെറും ഭൂപടമല്ല…
ജീവനുള്ള ഇന്ത്യ തന്നെ…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!